നരേന്ദ്ര മോദി തന്നെ നമ്പർ വൺ, തൊട്ട് പിന്നിൽ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എത്രയോ പിറകിൽ
ദില്ലി: 2014ല്‍ നരേന്ദ്ര മോദിക്കുണ്ടായിരുന്ന ജനപ്രീതി 2019ലേക്ക് എത്തുമ്പോള്‍ കുറഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആളുകള്‍ക്ക് ഇപ്പോഴും ഏറ്റവും കൂടുതല്‍ അറിയേണ്ടത് നരേന്ദ്ര മോദിയെ കുറിച്ച് തന്നെയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാഹൂ പുറത്ത് വിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്റിംഗ് കണക്കുകള്‍ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞിരിക്കുന്നത് നരേന്ദ്ര മോദിയെ ആണ്.
ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദിയും രാഹുല്‍ ഗാന്ധിയുമാണ് നേര്‍ക്ക് നേരെ വരുന്ന എതിരാളികളെങ്കിലും ഏറ്റവും കൂടുതല്‍ തിരയപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ രാഹുല്‍ പിറകിലാണ്. മോദിയുടെ തൊട്ട് പിറകെ എത്തിയിരിക്കുന്നത് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയാണ് പ്രിയങ്ക ഗാന്ധിക്ക് പിന്നില്‍ മൂന്നാമത് എത്തിയിരിക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ തിരയപ്പെട്ടവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് നാലാമത് മാത്രമാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത്സിംഗ് സിദ്ദുവാണ് അഞ്ചാം സ്ഥാനത്തുളളത്.
അന്തരിച്ച ഗോവന്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ശിവസേനയിലെക്ക് ചേക്കേറിയ പ്രിയങ്ക ചതുര്‍വേദി, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവും ബേഗുസരയിലെ സിപിഐ സ്ഥാനാര്‍ത്ഥിയുമായ കനയ്യ കുമാര്‍, ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭ നായകനുമായ ഹര്‍ദിക് പട്ടേല്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അടുത്തിടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, സിനിമാ താരം ഊര്‍മിള മണ്ഡോത്കര്‍ എന്നിവരും പട്ടികയിലുണ്ട്.