സര്‍വകക്ഷി യോഗത്തില്‍ മോദി പങ്കെടുത്തില്ല; കാര്‍ഷിക നിയമം വീണ്ടും വരുമോ എന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചുചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെല്ലാം യോഗത്തിന് എത്തിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ആനന്ദ് ശര്‍മ എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എത്തിയത്. സുധീപ് ബാനര്‍ജി, ദെരക് ഓബ്രിയന്‍ എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു. ഡിഎംകെയില്‍ നിന്ന് ടിആര്‍ ബാലു, ടി ശിവ എന്നിവരും എന്‍സിപിയുടെ ശരദ് പവാറും യോഗത്തില്‍ പങ്കെടുത്തു.
മോദി പങ്കെടുക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. അദ്ദേഹം ചില കാരണങ്ങളാല്‍ എത്തിയില്ല. സര്‍ക്കാര്‍ കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കി എന്നത് ശരി തന്നെയാണ്. എന്നാല്‍ നിയമത്തിന്റെ നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് മനസിലാക്കി കൊടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു രൂപത്തില്‍ നിയമം വീണ്ടും കൊണ്ടുവരുേേമാ എന്ന് സംശയമുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ആവശ്യപ്പെട്ടു. 31 പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തിലുണ്ടായിരുന്നത്. 42 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
രാജ്യസഭാ ചെയര്‍മാനും സ്പീക്കറും അനുമതി നല്‍കുന്ന ഏത് വിഷയത്തിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. തര്‍ക്കവും ബഹളവുമില്ലാതെ ശീതകാല സമ്മേളനം മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കുന്ന ബില്ലാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തെ പ്രധാനപ്പെട്ടതാക്കുന്നത്. തിങ്കളാഴ്ച സമ്മേളനം ആരംഭിക്കുമ്പോള്‍ എല്ലാ അംഗങ്ങളും ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും വിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ ചേരിയില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിട്ടില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാതെയാണ് മടങ്ങിയത്. അടുത്തിടെ ദേശീയതലത്തില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ഇരുപാര്‍ട്ടികളെയും അകറ്റുന്നത്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. തൃണമൂലുമായുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും ഭിന്ന നിലപാടാണുള്ളത്. ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂലുമായി ബന്ധം വേണ്ട എന്ന നിലപാടിലാണ്. പക്ഷേ, ഒന്നിച്ചു നില്‍ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications