'മതേതര സിവിൽ കോഡ്'; ഏകീകൃത സിവിൽ കോഡ് ജനാധിപത്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തും: നരേന്ദ്ര മോദി
യുണിഫോം സിവില്‍ കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത സിവിൽ കോഡ് ജനാധിപത്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുമെന്ന് അവകാശപ്പെട്ട അദ്ദേഹം "മതേതര സിവിൽ കോഡ്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയതിന് പിന്നാലെയായിരുന്നു മോദിയുടെ അഭിനന്ദന വാക്കുകള്‍. ഡെറാഡൂണിൽ 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഇന്നലെ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഇക്കാര്യത്തില്‍ ഞാൻ ഉത്തരാഖണ്ഡ് സർക്കാരിനെ അഭിനന്ദിക്കുകയാണ്. ഈ നടപടി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവിനെ ശക്തിപ്പെടുത്തും' നരേന്ദ്ര മോദി പറഞ്ഞു. യു സി സിക്ക് സ്പോർട്സിനുള്ള അതേ ടീം സ്പിരിറ്റ് ഉണ്ട്. അത് ഒരിക്കലും വിവേചനം കാണിക്കുന്നില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെക്കുറിച്ചുള്ള വ്യക്തി നിയമങ്ങൾക്ക് പകരമായി രാജ്യത്ത് ഒരു ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുക എന്നത് പ്രധാനമന്ത്രി മോദിയുടെയും പാർട്ടിയായ ബിജെപിയുടെയും ദീർഘകാല ലക്ഷ്യമാണ്. എന്നാല്‍ വിവാഹമോചനം, വിവാഹം, അനന്തരാവകാശം എന്നിവയെക്കുറിച്ചുള്ള ഇസ്ലാമിക നിയമങ്ങളെ യു സി സി ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് ന്യൂനപക്ഷവും വിവേചന രഹിതമായ നീക്കമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർത്തുന്നു.
രാജ്യം മുഴുവൻ സമാനമായ നിയമനിർമ്മാണം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. 'ചിലർ അജ്ഞത കൊണ്ടാണ് ഏകീകൃത സിവിൽ കോഡിനെ വിമർശിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ നിർമാതാക്കള്‍ തന്നെ മുന്നോട്ട് വെച്ച നിർദേശത്തെ എങ്ങനെ നമുക്ക് വിമർശിക്കാൻ കഴിയും' ഉപരാഷ്ട്രപതി ചോദിച്ചു.
അതേസമയം, കഴിഞ്ഞ വർഷമായിരുന്നു ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. തുടർന്ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ നിയമനം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
യു സി സി പ്രാബല്യത്തില്‍ വന്നതോടെ വിവാഹം കഴിക്കാനുള്ള പ്രായം പുരുഷന് 21 ഉം പെൺകുട്ടിക്ക് 18 ഉം ആയിരിക്കും. എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവ പൂർണമായും നിരോധിക്കപ്പെടും. മാത്രമല്ല വിവാഹമോചനത്തിനുള്ള നടപടി ക്രമങ്ങൾ ഏകീകൃതവുമായിരിക്കും.












Click it and Unblock the Notifications