'കെസിആർ എന്‍ഡിഎയുടെ ഭാഗമാകാന്‍ ശ്രമിച്ചു, പക്ഷെ അന്ന് ഞാന്‍ പറഞ്ഞത്': വെളിപ്പെടുത്തലുമായി മോദി
നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്‍ ഡി എയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കമമെന്നാണ് മോദി വ്യക്തമാക്കിയത്. ഹൈദരാബാദില്‍ നടന്ന ബി ജെ പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ കെസിആറിന് പിന്തുണ ആവശ്യമായിരുന്നു. ഈ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം എന്നെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്യാറുണ്ടായിരുന്നു, എന്നാൽ പിന്നീട് പെട്ടെന്ന് അത് നിർത്തി," തെലങ്കാനയിലെ നിസാമാബാദിൽ റാലിയില്‍ മോദി പറഞ്ഞു.

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ശേഷം, കെ സി ആർ എന്നെ കാണാൻ ഡൽഹിയിൽ വന്ന് എൻ ഡി എയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. തനിക്ക് പിന്തുണ നൽകാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാരണം എന്നോട് കൂട്ടുകൂടാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞുവെന്നും മോദി കൂട്ടിച്ചേർത്തു.
കേന്ദ്രത്തിലെ ബി ജെ പി സർക്കാർ ബി ആർ എസ് നേതൃത്വത്തിലുള്ള സർക്കാരിന് തെലങ്കാനയുടെ വികസനത്തിന് പണം നൽകിയിരുന്നു, എന്നാൽ നിർഭാഗ്യവശാൽ, സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി അയച്ച പണം ബി ആർ എസ് കൊള്ളയടിച്ചെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ നിന്നുള്ള എന്റെ സഹോദരിമാർ ഒരു വലിയ വിപ്ലവത്തിന്റെ ഭാഗമായി, ചരിത്രം സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2020-ലെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ ബിആർഎസ് 56 സീറ്റുകൾ നേടിയിരുന്നു. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ 43 സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി 48 സീറ്റുകളിലും വിജയിച്ചു.
പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ തള്ളി ബിആർഎസ് നേതാവും കെസിആറിന്റെ മകനുമായ കെടി രാമറാവു രംഗത്ത് വന്നു. മോദി കള്ളം പറയുകയാണ്. ബിജെപിക്ക് പ്രധാന സഖ്യകക്ഷികളെ നഷ്ടമായെന്നും ഇനി അവശേഷിക്കുന്നത് സിബിഐ, ഇഡി, ഐടി മാത്രമാണെന്നും പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ട് കെടിആർ പറഞ്ഞു.
അതേസമയം, നിസാമാബാദില്‍ വൈദ്യുതി, റെയില്‍, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 8000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനം വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള അതിന്റെ സ്വാശ്രയ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. കാരണം അത് ഒരേസമയം ജീവിതം എളുപ്പമാക്കുകയും വ്യവസായങ്ങള്‍ വേഗത്തില്‍ നടത്താന്‍ സാധ്യമാക്കുകയും ചെയ്യുന്നുവെന്നും പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications