വീണ്ടും ഇൻസ്റ്റഗ്രാം വീഡിയോയുമായി നരേന്ദ്ര മോദി, പരീക്ഷാ പരിഷ്ക്കരണത്തിന് ടാസ്‌ക് ഫോഴ്‌സ്
ന്യൂ ഡല്‍ഹി: സിജെപി സമരത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിന് ശേഷം പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനായി ഉന്നതതല ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ഈ ദൗത്യസംഘത്തിന് നേതൃത്വം നല്‍കും.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത കോക്രോച്ച് ജനതാ പാര്‍ട്ടി മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പരീക്ഷാ പരിഷ്‌ക്കരണം. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുളള സംഘം പരീക്ഷാ സമ്പ്രദായങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പഠിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വരുംകാല പരീക്ഷകള്‍ കുറ്റമറ്റതാക്കാനുളള നടപടികള്‍ക്ക് രൂപം നല്‍കുക എന്നും പ്രധാനമന്ത്രി വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

നന്ദൻ നിലേകനിയെ കൂടാതെ മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, മുൻ ഐബി ഡയറക്ടർ തപൻ ദേക്ക, ഐഐടി ചെന്നൈ ഡയറക്ടർ വി കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവും ടാസ്ക് ഫോഴ്സിന്റെ ഭാഗമാണ്.
ജെൻസി സമരത്തിന് സോഷ്യൽ മീഡിയ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻസ്റ്റഗ്രാം വഴി വീഡിയോകളിലൂടെ യുവാക്കളോട് സംവദിക്കാൻ ആരംഭിച്ചത്. ഫ്രണ്ട്സ് എന്ന് പറഞ്ഞ് എന്ന് ആരംഭിക്കുന്ന മോദിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.' ഫ്രണ്ട്സ്, വിദ്യാർത്ഥികളുടെ ഭാവിക്ക് വേണ്ടി സർക്കാർ തുടർച്ചയായി നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്', പുതിയ വീഡിയോയിൽ മോദി പറയുന്നു.
'വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് കളിച്ചവരൊക്കെ ജയിലിൽ കിടന്ന് നരകിക്കുകയാണ്. ഞങ്ങൾ അതിവേഗ കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. നാളെ പാർലമെന്റിലും കഠിനമായ ശിക്ഷകൾ ഉൾപ്പെടുത്തിക്കൊണ്ടുളള പുതിയ നിയമം അവതരിപ്പിക്കാൻ പോവുകയാണ്. നമ്മുടെ പരീക്ഷാ സമ്പ്രദായങ്ങൾ സുതാര്യവും വിശ്വാസ്യതയുളളതും ആയിരിക്കണം.ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താണ് നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുളള ടാസ്ക് ഫോഴ്സ് രൂപീകരിക്കാനുളള തീരുമാനം', നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications