നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ചെങ്കോട്ടയിലെ രാത്രി പ്രസംഗം ചരിത്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയില്‍ രാത്രി 9.15 നാണ് മോദിയുടെ പ്രസംഗം. ഇതോടെ സുര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ നിന്ന് പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകുകയാണ് നരേന്ദ്ര മോദി. സിഖ് ഗുരു തേഗ് ബഹാദൂറിന്റെ നാനൂറാം ജന്മവാര്‍ഷികത്തിലാണ് മോദി ഇന്ന് പ്രസംഗിക്കുന്നത്. അനുസ്മരണ നാണയവും സ്റ്റാമ്പും പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരാണ് പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പരിപാടി നടത്തുന്നത്. സിഖ് പ്രമുഖരും കുട്ടികളും ചടങ്ങില്‍ പങ്കെടുത്ത് കീര്‍ത്തനം ചൊല്ലും. ഗുരു തേഗ് ബഹാദൂറിന്റെ ജീവിതം വിശദീകരിക്കുന്ന അലങ്കാര നിര്‍മിതികള്‍ നിറഞ്ഞിരിക്കുകയാണ് ചെങ്കോട്ടയിലും ഡല്‍ഹിയിലെ സിഖ് ഗുരുദ്വാരകളിലും. കൂടാതെ മോദിയുടെ പ്രസംഗത്തിനോട് അനുബന്ധിച്ച് സിഖുകാരുടെ പരമ്പരാഗത ആയോധന കലാ പ്രദര്‍ശനവുമുണ്ടാകും.

ഗുരുവിന്റെ അധ്യാപനങ്ങള്‍ ഉയര്‍ത്തിക്കാട്ടുക എന്നതാണ് ചടങ്ങുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. സിഖുകാരുടെ ഒമ്പതാമത്തെ ഗുരുവായിരുന്നു ഗുരു തേഗ് ബഹാദൂര്‍. മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ നിര്‍ദേശ പ്രകാരമാണ് ഗുരുവിനെ കൊലപ്പെടുത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ മത സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതാണത്രെ ഗുരുവിനെ വധിക്കാന്‍ കാരണം. ഇദ്ദേഹത്തിന്റെ ചരമ വാര്‍ഷികം നവംബര്‍ 24ന് ശഹീദ് ദിവസ് ആയി സിഖുകാര്‍ ആചരിക്കാറുണ്ട്. ഇന്നലെയും ഇന്നുമായിട്ടാണ് ഗുരുവിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ആഘോഷം നടക്കുന്നത്. ചടങ്ങുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കമിട്ടിരുന്നു.
മോദിയുടെ രാത്രിയിലെ പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിക്കും. മുഗള്‍ ഭരണാധികാരികള്‍ നിര്‍മിച്ച ചെങ്കോട്ടയില്‍ വച്ച് തന്നെ ഗുരുവിനെ അനുസ്മരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഔറംഗസീബ് ചെങ്കോട്ടയില്‍ വച്ചാണ് ഗുരുവിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതത്രെ. അതാണ് മോദി പ്രസംഗത്തിന് ചെങ്കോട്ട തിരഞ്ഞെടുക്കാനുള്ള കാരണം.
ചെങ്കോട്ടയിലെ പുല്‍തകിടില്‍ നിന്നാകും മോദിയുടെ പ്രസംഗം. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയിലെ കവാടത്തിലാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം നടക്കാറ്. ഇത് രണ്ടാം തവണയാണ് സ്വാതന്ത്ര്യദിനത്തില്‍ അല്ലാതെ മോദി ചെങ്കോട്ടയില്‍ പ്രസംഗിക്കുന്നത്. 2018ല്‍ സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കി മോദി ചെങ്കോട്ടയില്‍ പ്രസംഗിച്ചിരുന്നു. അന്നത്തെ പ്രസംഗം രാവിലെ ഒമ്പതിനായിരുന്നു എങ്കില്‍ ഇന്ന് മോദി രാത്രി 9.15നാണ് പ്രസംഗിക്കുക.












Click it and Unblock the Notifications