മോദി ടീമിലെ കോണ്‍ഗ്രസ് നേതാവ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ!
ദില്ലി: സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാറിനിന്നതോടെ ലോക്സഭയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് മല്ലികാര്ജുനന് ഖാര്‍ഗെയാണ്. മുന്‍ റെയില്‍വേ മന്ത്രിയും കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയുടെ ടീമിലെത്തി എന്ന് കേട്ടാല്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ. ഞെട്ടും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വരെ ഞെട്ടും, അത്തരമൊരു നീക്കമാണ് മോദി നടത്തിയിരിക്കുന്നത്.
ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ നിയമിക്കാനുള്ള മൂന്നംഗ സമിതിയിലേക്കാണ് മോദി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമാണ് സമിതിയിലെ മറ്റംഗങ്ങള്‍. ചെയര്‍മാനായി പ്രധാനമന്ത്രി, ഒരു കാബിനറ്റ് മിനിസ്റ്റര്‍, പ്രതിപക്ഷ നേതാവ് എന്നതാണ് സമിതിയുടെ ഘടന. എന്നാല്‍ നിലവിലെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ല. ഈ സാഹചര്യത്തിലാണ് മോദി കോണ്‍ഗ്രസ് നേതാവ് ഖാര്‍ഗെയെ സിമിതിയില്‍ ഉള്‍പ്പെടുത്തിയത്.
ആര് ടി ഐ ആക്ട് പ്രകാരം, സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവിനെ സമിതിയില്‍ ഉള്‍പ്പെടുത്താം. ലോക്സഭയില്‍ പത്ത് ശതമാനം അംഗങ്ങളില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടിയിരുന്നില്ല. പുതിയ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കാന്‍ വേണ്ടിയുള്ളതാണ് ഈ സമിതി.
ആഗസ്ത് 23 നാണ് രാജീവ് മാത്തൂര്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന് സ്ഥാനം ഒഴിഞ്ഞത്. 65 വയസ്സ് പൂര്‍ത്തിയായ അദ്ദേഹം സ്ഥാനത്ത് നിന്നും വിരമിക്കുകയായിരുന്നു. അതിന് ശേഷം മോദി സര്‍ക്കാര്‍ പുതിയ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുത്തിരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ബോഡിയാണ് വിവരാവകാശ കമ്മീഷന്.