മോദി-യൂനുസ് കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; നേപ്പാള്‍ പ്രധാനമന്ത്രിയുമായും ചര്‍ച്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തും. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ച. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നതിനെയും ചൊല്ലി ധാക്കയും ഡല്‍ഹിയും തമ്മില്‍ അസ്വാരസ്യത്തിലാണ്.
ഈ സാഹചര്യത്തില്‍ മോദി-യൂനുസ് കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ആണ് ഷെയ്ഖ് ഹസീനയെ പുറത്താക്കി ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കൂടിക്കാഴ്ച നടക്കുമെന്ന് ഇരു തലസ്ഥാനങ്ങളിലെയും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. തായ്ലന്‍ഡ് പ്രധാനമന്ത്രി പെയ്റ്റോങ്ടാര്‍ണ്‍ ഷിനവത്ര ഒരുക്കുന്ന സ്വീകരണത്തില്‍ ഇരു നേതാക്കളും ഇന്ന് അനൗപചാരികമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒലിയെ സന്ദര്‍ശനത്തിന് ക്ഷണിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് നേപ്പാള്‍-ഇന്ത്യ ബന്ധത്തിലും കല്ലുകടിയുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ക്ഷണം ലഭിക്കാത്തതിന് തുടര്‍ന്ന് കെ പി ശര്‍മ്മ ഒലിയും മുഹമ്മദ് യൂനുസും ആദ്യം ചൈനീസ് തലസ്ഥാനമായ ബീജിംഗിലേക്കായിരുന്നു പോയിരുന്നത്.
അതിനിടെ മോദിയും മ്യാന്‍മര്‍ പ്രധാനമന്ത്രി മിന്‍ ഓങ് ഹ്ലൈങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. 2021-ല്‍ അധികാരം പിടിച്ചെടുത്ത മ്യാന്‍മര്‍ ഭരണകൂടവുമായി ആദ്യമായിട്ടാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു ഇടപെടല്‍ വടത്തുന്നത്. കഴിഞ്ഞയാഴ്ച മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തെത്തുടര്‍ന്ന് മ്യാന്‍മറില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ഓപ്പറേഷന്‍ ബ്രഹ്‌മ ആരംഭിച്ചിരുന്നു.
ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തായ്ലന്‍ഡിലെത്തിയത്. ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ സൂര്യ ജംഗ്രൂങ്ഗ്രേയാങ്കിറ്റ് മോദിയെ ഊഷ്മളമായി സ്വീകരിച്ചു. തായ്ലന്‍ഡ് സന്ദര്‍ശനം അവസാനിപ്പിച്ച ശേഷം ശ്രീലങ്കയും മോദി സന്ദര്‍ശിക്കും. അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ ആദ്യ ലങ്കന്‍ യാത്രയാണ് ഇത്.
ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല ബിംസ്റ്റെക്കിന്റെ ഹൃദയഭാഗത്താണെന്ന് മോദി പറഞ്ഞു. ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ കാണാനും നമ്മുടെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഫലപ്രദമായി ഇടപെടാനും താന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications