നോട്ടുകള്‍ മാറിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ അമ്മയും ബാങ്കിലെ ക്യൂവില്‍...
തന്‍റെ കയ്യിലുള്ള 4500 രൂപ മാറ്റിവാങ്ങാനാണ് നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി ഗാന്ധിനഗറിലെ ബാങ്കിലെത്തിയത്.
അഹമ്മദാബാദ്: നോട്ടുകള്‍ അസാധുവാക്കിയതോടെ അത് മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് രാജ്യത്തെ ജനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദിയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഗാന്ധിനഗറിലെ ബാങ്കിലെത്തി.
4500 രൂപയാണ് നരേന്ദ്രമോദിയുടെ അമ്മയുടെ കൈവശം ഉണ്ടായിരുന്നത്. ഗാന്ധിനഗറിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ ശാഖയിലാണ് ഹീരാബെന്‍ മോദി ബന്ധുക്കള്‍ക്കൊപ്പം പണം മാറ്റിവാങ്ങാന്‍ എത്തിയത്. വീല്‍ചെയറിലാണ് 97 വയസ് പ്രായമുള്ള ഹീരാബെന്‍ മോദി വന്നത്.

പണം മാറ്റിവാങ്ങുന്നതിന് മുമ്പ് പൂരിപ്പിച്ച് നല്‍കേണ്ട ഫോമില്‍ വിരലടയാളം പതിച്ച ശേഷമാണ് തന്റെ കയ്യിലുള്ള 4500 രൂപ ഹീരാബെന്‍ മോദി ബാങ്കില്‍ ഏല്‍പ്പിച്ചത്. 500 രൂപയുടെ 9 നോട്ടുകളാണ് ഹീരാബെനിന്റെ കൈവശമുണ്ടായിരുന്നത്.
നോട്ട് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ അമ്മ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കിലെത്തിയത്. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള പരക്കംപാച്ചിലിലാണ് രാജ്യത്തെ ജനങ്ങള്‍. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്ത്രരാകേണ്ടെന്നും ആവശ്യത്തിനുള്ള നോട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.












Click it and Unblock the Notifications