എപ്സ്റ്റീന്‍ ഫയലില്‍ നരേന്ദ്ര മോദിയുടെ പേരും; ഇസ്രായേല്‍ സന്ദര്‍ശനം പരാമര്‍ശിച്ചു, തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയും ആയിരുന്ന ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും. ലോകത്തെ പല നേതാക്കളും വ്യവസായികളും ഇയാളുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കെയാണ് മോദിയുടെ പേരും പരാമര്‍ശിക്കുന്നത്. ഇതിന്റെ രേഖ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആയുധമാക്കി.
എപ്സ്റ്റീന്റെ ഉപദേശപ്രകാരം 2017 ജൂലൈയില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി അവിടെവച്ച് യുഎസ് പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് രേഖയിലെ വെളിപ്പെടുത്തല്‍. എന്നാല്‍ ഏത് രീതിയില്‍ മോദി പ്രവര്‍ത്തിച്ചു, എങ്ങനെ അമേരിക്കക്ക് ഗുണമായി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഇല്ല.

കുറ്റവാളിയുടെ അസംബന്ധമായ നുണയാണിതെന്നും അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രധാനമന്ത്രി 2017 ജൂലൈയില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു എന്നതൊഴിച്ചാല്‍, ഫയലുകളിലെ മറ്റ് സൂചനകള്‍ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ സിങ് ജയ്സ്വാള്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉള്‍പ്പെട്ടത് ദേശീയ അപമാനമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നത്. ഇത് നയതന്ത്രപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
എന്താണ് എപ്സ്റ്റീന്‍ ഫയലുകള്‍
അമേരിക്കന്‍ ശതകോടീശ്വരനായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളെയാണ് എപ്സ്റ്റീന്‍ ഫയലുകള്‍ എന്നു സൂചിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. എപ്സ്റ്റീന്റെ കൂട്ടാളിയായിരുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനെതിരെ 2015ല്‍ വിര്‍ജീനിയ ഗ്യൂഫ്രെ എന്ന യുവതി നല്‍കിയ മാനനഷ്ടക്കേസിലെ രേഖകളാണിവ.
വര്‍ഷങ്ങളോളം രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകള്‍ 2024 ജനുവരി മുതലാണ് കോടതി ഉത്തരവ് പ്രകാരം പുറത്തുവിട്ടു തുടങ്ങിയത്. എപ്സ്റ്റീന്റെ സുഹൃദ്വലയത്തില്‍ ലോകത്തിലെ അതിസമ്പന്നരും പ്രശസ്തരും രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു എന്നതാണ് ഈ ഫയലുകളെ ശ്രദ്ധേയമാക്കുന്നത്. പുറത്തുവന്ന രേഖകളില്‍ നൂറിലധികം പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍, രാജകുടുംബാംഗങ്ങള്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെടും.












Click it and Unblock the Notifications