നാക്ക് മാത്രമല്ല മോഡിക്ക് എഴുത്തും പിഴച്ചു
ദില്ലി: എണ്ണം പറഞ്ഞ കുറേയേറെ നാക്ക് പിഴയ്ക്കലിന് ശേഷം ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് എഴുത്തും പിഴച്ചു. ഓണ്‍ലൈന്‍ ലോകത്ത് സജീവമായ മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് ഇത്തവണ പണി പറ്റിച്ചത്. നേരത്തെ വോട്ട് ചെയ്യണം, പൊണ്ണന്മാര്‍ക്ക് വോട്ട് ചെയ്ത് ബി ജെ പിയെ ജയിപ്പിക്കണം എന്നായിരുന്നു മോഡിയുടെ അഭ്യര്‍ഥന.
സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് ഇപ്രാവശ്യം മോഡിയെ ചതിച്ചത്. താമരയുടെ ഇഗ്ലീഷ് പേരായ ലോട്ടസിലെ അക്ഷരങ്ങള്‍ എഴുതിയപ്പോള്‍ തെറ്റിയതാണ് മോഡി സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ സാധ്യതയില്ലാത്ത അര്‍ഥമായി മാറിയത്. വോട്ട് ഫോര്‍ ലോട്ടസ് എന്നത് വോട്ട് ഫോര്‍ ലൗട്‌സ് എന്നായപ്പോള്‍ അര്‍ഥം മാറി എന്ന് മാത്രമല്ല, ആകെ നാണക്കേടാകുകയും ചെയ്തു.

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പരിപാടിയുടെ ലിങ്കും ട്വിറ്ററിലെ പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. നരേന്ദ്രമോഡിയുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അബന്ധം പറ്റിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും 20 മിനുട്ടിന് ശേഷം പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാലും അപ്പോഴേക്കും ആവശ്യത്തിന് സ്‌ക്രീന്‍ ഷോട്ടുകള്‍ ആളുകള്‍ എടുത്തുവെച്ച് കഴിഞ്ഞിരുന്നു എന്നത് വേറെ കാര്യം.
28 ലക്ഷത്തില്‍പ്പരം ആളുകളാണ് ട്വിറ്ററില്‍ നരേന്ദ്രമോഡിയെ പിന്തുടരുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സജീവമായ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് മോഡി. അടുത്തിലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേര് പ്രസംഗത്തിനിടെ മോഡി തെറ്റിച്ചുപറഞ്ഞത് ചര്‍ച്ചാ വിഷയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വേറെയും കുറേയേറെ അബന്ധങ്ങള്‍ മോഡി വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications