നരേഷ് പട്ടേൽ കോൺഗ്രസിലേക്കോ? അടച്ചിട്ട മുറിയിൽ നരേഷ് - ഹർദ്ദീക്ക് കൂടിക്കാഴ്ച.. നിർണായകം
അഹമ്മദാബാദ്; 2017 ൽ 77 സീറ്റ് നേടിയ ഗുജറാത്തിൽ ഈ വർഷം അട്ടിമറിയാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്. എന്നാൽ ബി ജെ പി കോട്ടയായ ഗുജറാത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് സാധ്യമാണോയെന്നതാണ് ഉയരുന്ന ചോദ്യം. എന്തായാലും ഭരണം പിടിക്കാൻ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നും പയറ്റാൻ തന്നെയാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള പ്രധാനിയായ നരേഷ് പട്ടേലിനെ കോൺഗ്രസിൽ എത്തിച്ചാൽ അധികാരത്തിലേക്ക് വഴിയൊരുങ്ങുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ നരേഷ് കോൺഗ്രസുമായി അടുക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ഹർദ്ദീക്ക് പട്ടേലും നരേഷ് പട്ടേലും തമ്മിലുള്ള കൂടിക്കാഴ്ചയാണ് പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

രാജ്കോട്ടിൽ നിന്നുള്ള വ്യവസായിയായ 56 കാരനായ നരേഷ് പാട്ടീധാർ സമുദായത്തിലെ ലെവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയാണ്.രാജ്‌കോട്ടിനടുത്തുള്ള കഗ്‌വാദിൽ സ്ഥിതി ചെയ്യുന്ന മാ ഖോഡിയാർ ക്ഷേത്രം നിയന്ത്രിക്കുന്ന ഖോദൽധാം ട്രസ്റ്റിന്റെ (എസ്‌കെടി) പ്രസിഡന്റ് കൂടിയാണ് നരേഷ്. നരേഷിന്റെ സാന്നിധ്യം പട്ടേൽ വോട്ടുകൾ ലഭിക്കുന്നതിൽ നിർണായകമാകുമെന്ന് രാഷ്ട്രീയ പാർട്ടികൾ കരുതുന്നുണ്ട്. നരേഷിനെ പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കങ്ങൾ വിവിധ പാർട്ടി നേതാക്കൾ ആരംഭിച്ചിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യം ഉണർത്തി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദ്ദീക് പാട്ടേലുമായുള്ള നരേഷിന്റെ കൂടിക്കാഴ്ച. രാജ്കോട്ടിൽ ശനിയാഴ്ചയായിരുന്നു ഇരുവരും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയത്. നരേഷ് ആണ് ഹാർദ്ദിക്കിനെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ ഇരുവരും എന്താണ് ചർച്ച ചെയ്തതെന്ന കാര്യത്തിൽ നേതാക്കൾക്ക് വ്യക്തത അല്ല. നിലവിൽ ദില്ലിയിലാണ് ഹാർദീക്. ഹൈക്കമാന്റ് അദ്ദേഹത്തെ ഞായറാഴ്ച ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് ഹാർദ്ദിക്കിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

നരേഷ് പാട്ടീലിനെ കോൺഗ്രസിലേക്ക് എടുക്കുന്നതിൽ ഹാർദ്ദീക്കിന് താത്പര്യം ഇല്ലെന്നാണ് സൂചന. നരേഷ് കോൺഗ്രസിലേക്ക് വന്നാൽ പാർട്ടിയിലുള്ള തന്റെ സ്വാധീനം നഷ്ടമാകുമെന്ന് ഹാർദ്ദീക്ക് ആശങ്കപ്പെടുന്നുണ്ട്. ഇപ്പോൾ തന്നെ നേതാക്കൾ തന്നെ ഒതുക്കുകയാണെന്ന പരാതി ഹാർദ്ദീക്ക് ഉയർത്തിയിരുന്നു. പാർട്ടി യോഗങ്ങളിൽ തന്നെ പങ്കെടുപ്പിക്കുന്നില്ലെന്നും തന്നോട് അഭിപ്രായം തേടുന്നില്ലെന്നുമാണ് ഹാർദ്ദിക്ക് ഉയർത്തുന്ന പരാതി. സംസ്ഥാനത്തെ 182 മണ്ഡലങ്ങളിൽ 50 ഓളം മണ്ഡലങ്ങളിൽ പാട്ടീദാർ സമുദായം നിർണായക ശക്തികളാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയിൽ അടക്കം കോൺഗ്രസിന് മുന്നേറാൻ സാധിച്ചത് ഹാർദ്ദിക്ക് പട്ടേലിൻറെ പിന്തുണയിലൂടെയാണ്. അതിനാൽ ഹാർദ്ദിക്കിനെ പിണക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചേക്കില്ല. ഹാർദ്ദീക്കിനെ കൈവിട്ടാൽ അദ്ദേഹം ആം ആദ്മിയിലേക്ക് പോകുമോയെന്ന ആശങ്കയും കോൺഗ്രസിന് ഉണ്ട്. കോൺഗ്രസിനെതിരെ പരസ്യ വിമർശനം ഉയർത്തിയ ഹാർദ്ദിക്കിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ആം ആദ്മി രംഗത്തെത്തിയിരുന്നു.

നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ആലോചന. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഇത്തരമൊരു നിർദ്ദേശം നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. എന്നാൽ പാർട്ടിക്ക് പുറത്തുള്ളൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത് മറ്റൊരു പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നുള്ള വിലയിരുത്തലുകളും ഉണ്ട്. ഇതിനോടകം തന്നെ ചില നേതാക്കൾ ഇത് സംബന്ധിച്ച് അതൃപ്തി പ്രകടമാക്കി കഴിഞ്ഞു. എന്തായാലും തീരുമാനങ്ങൾ എന്ത് തന്നെയായാലും വളരെ വേഗം കൈക്കൊള്ളണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications