'വിഷം ഇനിയും വളർത്തരുത്', പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് നസറുദ്ദീന്‍ ഷാ
ദില്ലി: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നടന്‍ നസറുദ്ദീന്‍ ഷാ. പ്രധാനമന്ത്രി ഇടപെട്ട് വിഷം പരത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് നസറുദ്ദീന്‍ ഷാ ആവശ്യപ്പെട്ടു.
ഇത്തരക്കാരായ ആളുകളില്‍ കുറച്ച് ബോധം വരുത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണം. ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രി അത് പറയണം, വിശ്വസിക്കുന്നില്ല എന്നാണെങ്കില്‍ അത് പറയണം എന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞു. ട്വിറ്ററില്‍ പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന വെറുപ്പ് പരത്തുന്ന ആളുകളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. വെറുപ്പ് വളരാതിരിക്കാന്‍ പ്രധാനമന്ത്രി രംഗത്ത് ഇറങ്ങണമെന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി ദേശീയ വക്താവ് ആയിരുന്ന നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്. അറബ് രാഷ്ട്രങ്ങള്‍ അടക്കം ഇന്ത്യയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്,ഒമാന്‍, യുഎഇ, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ലിബിയ, ഇന്തോനേഷ്യ അടക്കം 15ഓളം രാഷ്ട്രങ്ങളാണ് ഇന്ത്യയെ പ്രതിഷേധം അറിയിച്ചത്. ഇതോടെ നൂപുര്‍ ശര്‍മയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.
ശിവനെ നിരന്തരമായി അധിക്ഷേപിച്ചതിന് മറുപടിയായിട്ടാണ് തന്റെ പ്രതികരണം എന്ന് ന്യായീകരിച്ച നൂപുര്‍ ശര്‍മ പിന്നീട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞു. നൂപുര്‍ ശര്‍മയ്ക്ക് പുറമേ പ്രവാചകനെ അധിക്ഷേപിച്ച് പോസ്റ്റിട്ട മറ്റൊരു ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി പുറത്താക്കി. പ്രവാചക നിന്ദ വിധ്വംസക ശക്തികളുടേതാണ് എന്നാണ് ബിജെപി പ്രതികരിച്ചത്. ഈ സ്ത്രീ വിദ്വംസക ശക്തി അല്ലെന്നും ബിജെപിയുടെ ദേശീയ വക്താവ് ആണെന്നും നസറുദ്ദീന്‍ ഷാ പ്രതികരിച്ചു. ഹിന്ദു ദൈവങ്ങളെ ഇത്തരത്തില്‍ ഒരു മുസ്ലീം അപമാനിച്ചതായി ഓര്‍ക്കുന്നില്ല. നൂപുര്‍ ശര്‍മയുടേത് ആത്മാര്‍ത്ഥമായ ക്ഷമാപണം ആയിരുന്നില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. അതേസമയം നൂപുര്‍ ശര്‍മയ്ക്ക് എതിരെയുളള വധഭീഷണി അടക്കമുളള കാര്യങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ് എന്നും നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications