സോറനും കെജ്രിവാളിനും പിന്നാലെ ഫാറൂഖ് അബ്ദുള്ള; സമന്‍സ് അയച്ച് ഇഡി
ന്യൂദല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളക്ക് ഇ ഡിയുടെ സമന്‍സ്. ഫാറൂഖ് അബ്ദുള്ളയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീനഗറിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഫാറൂഖ് അബ്ദുള്ളക്ക് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ (ജെ കെ സി എ) ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് 86 കാരനായ ഫാറൂഖ് വിളിച്ചുവരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറില്‍ നിന്നുള്ള ലോക്സഭാ എം പിയായ ഫാറൂഖ് അബ്ദുള്ളക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2022-ല്‍ ആണ് കുറ്റം ചുമത്തിയത്.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. ബന്ധമില്ലാത്ത കക്ഷികളുടെയും ജെ കെ സി എ ഭാരവാഹികളുടെയും ഉള്‍പ്പെടെ വിവിധ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതും ജെ കെ സി എ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കാരണമില്ലാതെ പണം പിന്‍വലിക്കുന്നതും സംശയകരമാണ് എന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.
ഫാറൂഖ് അബ്ദുള്ളക്ക് എതിരെ സി ബി ഐ 2018-ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇ ഡിയുടെ അന്വേഷണം വേരൂന്നിയിരിക്കുന്നത്. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ച ഏറ്റവും പുതിയ പ്രതിപക്ഷ നേതാവായി ഫാറൂഖ് അബ്ദുള്ള മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജമ്മു കശ്മീര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഫാറൂഖ് അബ്ദുള്ളയുടെ ഒമര്‍ അബ്ദുള്ളയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്യുകയും ബിസിസിഐ സ്പോണ്‍സര്‍ ചെയ്ത ഫണ്ട് വെളുപ്പിക്കാനായി സ്പോര്‍ട്സ് ബോഡിയില്‍ നിയമനം നടത്തുകയും ചെയ്തു എന്നതാണ് ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെയുള്ള ആരോപണം.
2001 മുതല്‍ 2012 വരെ ജെ കെ സി എ പ്രസിഡന്റായിരുന്നു ഫാറൂഖ് അബ്ദുള്ള. 2004 നും 2009 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ ആളാണ് ഫാറൂഖ് അബ്ദുള്ള.












Click it and Unblock the Notifications