ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടി അപര്‍ണ ബാലമുരളി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ
ദില്ലി: സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുളള പുരസ്‌ക്കാരം അപര്‍ണ ബാലമുരളിക്ക്. സുരറൈ പ്രോട്രു എന്ന ചിത്രത്തിലെ ബൊമ്മിയെ മികച്ച രീതിയിൽ അവതരിപ്പിച്ചതിനാണ് പുരസ്‌ക്കാരം. മികച്ച നടനുളള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടു. സൂര്യ, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കാണ് മികച്ച നടനുളള ദേശീയ പുരസ്‌ക്കാരം. സുരറൈ പ്രോട്രു എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ സൂര്യ പുരസ്ക്കാരം നേടിയപ്പോൾ താനാജിയാണ് അജയ് ദേവ്ഗണിനെ ദേശീയ പുരസ്ക്കാരത്തിന് അർഹനാക്കിയത്. മികച്ച ചിത്രമായി സുരറൈ പോട്രു തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച രണ്ടാമത്തെ നടനായി ബിജു മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിനാണ് പുരസ്‌ക്കാരം. മികച്ച സംവിധായകനുളള പുരസ്‌ക്കാരം ഇതേ ചിത്രത്തിലൂടെ അന്തരിച്ച സംവിധായകന്‍ സച്ചിക്ക് ലഭിച്ചു. മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മ സ്വന്തമാക്കി. അയ്യപ്പനും കോശിയിലെ 'കലക്കാത്ത' എന്ന് തുടങ്ങുന്ന ഗാനമാണ് നഞ്ചിയമ്മയെ ദേശീയ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.

മികച്ച സംഘട്ടത്തിന് സച്ചിയുടെ അയ്യപ്പനും കോശിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്ചയം തിരഞ്ഞെടുക്കപ്പെട്ടു. സെന്നെ ഹെഗ്‌ഡെ ആണ് സംവിധായകന്‍. കാവ്യ പ്രകാശിന്റെ വാങ്കിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച ശബ്ദലേഖനത്തിനുളള പുരസ്‌ക്കാരം മാലികിലൂടെ വിഷ്ണു ഗോപിക്ക് ലഭിച്ചു. കപ്പേളയിലൂടെ അനീസ് നാടോടിക്ക് മികച്ച കലാസംവിധാനത്തിനുളള പുരസ്ക്കാരം നേടാനായി. മികച്ച സഹനടി ലക്ഷ്മിപ്രിയ ചന്ദ്ര മൗലിയാണ്. ചിത്രം സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും.
മികച്ച സംഗീത സംവിധായകനുളള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടു. അല വൈകുണ്ഡപുരം ലോ, സുരറൈ പ്രോട്ര് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ എസ് തമന്‍, ജിവി പ്രകാശ് എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. 'സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' എന്ന ചിത്രത്തിലൂടെ ശ്രീകര്‍ പ്രസാദ് മികച്ച എഡിറ്റര്‍ക്കുളള ദേശീയ പുരസ്‌ക്കാരം നേടി. മികച്ച തിരക്കഥയ്ക്കുളള പുരസ്‌ക്കാരം തമിഴ് ചിത്രമായ 'മണ്ഡേല'യ്ക്കാണ്.

മികച്ച നോണ്‍ ഫീച്ചര്‍ ചിത്രമായി ടെസ്റ്റിമണി ഓഫ് അനാര്‍ തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 'ശബ്ദിക്കുന്ന കലപ്പ' എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് നിഖില്‍ എസ് പ്രവീണ്‍ പുരസ്‌ക്കാരം നേടി. മികച്ച സംഗീത സംവിധായകനായി വിശാല്‍ ഭരദ്വാജ് തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശ് ആണ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. മികച്ച സിനിമാ ഗ്രന്ഥത്തിനുളള പുരസ്‌ക്കാരം മലയാളിയായ അനൂപ് രാമകൃഷ്ണനാണ്. 'എംടി അനുഭവങ്ങളുടെ പുസ്തകം' എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്.
2020ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിച്ചത്. കേരളത്തില്‍ നിന്ന് സംവിധായകന്‍ വിജി തമ്പി, വിഷ്ണു മോഹന്‍, തിരക്കഥാകൃത്തായ സജീവ് പാഴൂര്‍ എന്നിവര്‍ ദേശീയ പുരസ്‌ക്കാര ജൂറിയിലുണ്ടായിരുന്നു. വിപുല്‍ ഷാ ആണ് ജൂറി ചെയര്‍മാന്‍.












Click it and Unblock the Notifications