ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ചെ്യതു; മലയാളത്തിന് അഭിമാനമായി 8 പുരസ്കാരങ്ങൾ
ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
മികച്ച ചിത്രമായ 'റോക്കട്രി- ദ നമ്പി ഇഫക്ടി'നുള്ള പുരസ്കാരം ചിത്രത്തിന്റെ നിർമ്മാതാവ് വർഗീസ് മൂലൻ ഏറ്റുവാങ്ങി. മറാത്തി ചിത്രമായ ഗോദാവരിയുടെ സംവിധായകൻ നിഖിൽ മഹാജനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. ആലിയ ഭട്ട് (ഗംഗുഭായ് കത്തിയാവഡി) കൃതി സനോണ്‍ (മിമി) എന്നിവരും ഏറ്റുവാങ്ങി. നടൻ അല്ലു അർജുനാണ് മികച്ച നടൻ. പുഷ്പ എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു അല്ലുവിനെ അവാർഡിന് അർഹനാക്കിയത്. പുരസ്കാര നേട്ടത്തിലൂടെ തെലുങ്കിൽ നിന്നും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ താരമായി അല്ലു മാറി.

സമഗ്ര സംഭാവനയ്ക്കുള്ള 'ദാദാ സാഹിബ് ഫാൽക്കെ' പുരസ്കാരം നടി വഹീദ റഹ്മാൻ ഏറ്റുവാങ്ങി. ആർആർആർ ആയിരുന്നു മികച്ച ജനപ്രിയ ചിത്രം. മികച്ച സഹനടിക്കുള്ള പുരസ്കാരം കാശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി നേടി. മിമിയെന്ന ചിത്രത്തിലൂടെ പങ്ക് ത്രിപാഠിയായിരുന്നു സഹനടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.
ഈ വർഷം ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങളായിരുന്നു മലയാള സിനിമ സ്വന്തമാക്കിയത്.മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം 'ഹോം' എന്ന ചിത്രത്തിലൂടെ നിർമ്മാതാവും നടനുമായ വിജയ് ബാബു ടീമിന് വേണ്ടി ഏറ്റുവാങ്ങി. ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. അദ്ദേഹവും നേരിട്ടെത്തി പുരസ്കാരം സ്വീകരിച്ചു.
സർവൈവൽ ത്രില്ലർ 'നായാട്ട്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പാടിയൻ എന്ന ചിത്രത്തിലൂടെ സംവിധായകൻ വിഷ്ണു മോഹൻ ഏറ്റുവാങ്ങി.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൃഷാന്ദ് ആർ കെക്ക് ലഭിച്ചു. 'ആവാസവ്യുഹം: ദി ആർബിറ്റ് ഡോക്യുമെന്റേഷൻ ഓഫ് ആൻ ആംഫിബിയൻ ഹണ്ട്' എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.'ചവിട്ടു' എന്ന ചിത്രത്തിലൂടെ മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം അരുൺ അശോകും സോനു കെപിയും നേടി.'കണ്ടിട്ടുണ്ടു' എന്ന ഹ്രസ്വചിത്രത്തിന് മികച്ച ആനിമേഷനുള്ള വാർഡ് അദിതി കൃഷ്ണദാസിന് ലഭിച്ചു.












Click it and Unblock the Notifications