നാഷ്ണൽ ഹെറാൾഡ് കേസ്; സോണിയയും രാഹുലും 142 കോടി വെളുപ്പിച്ചെന്ന് ഇഡി
നാഷ്ണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഇരുവരും 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു. അതുകൊണ്ട് തന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രതികൾക്കെതിരെ (പി എം എൽ എ) ചുമത്തിയ കേസ് നിലനിൽക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇഡി കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യു പ്രത്യേക കോടതി ജഡ്ജി വിശാൽ ഗോഗ്നെ മുമ്പാകെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
നാഷ്ണൽ ഹെറാൾഡുമായി ബന്ധപ്പെട്ട 75.19 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുന്നതുവരെ കുറ്റകൃത്യത്തിൽ നിന്നും ലഭിച്ച വരുമാനം പ്രതികൾ ആസ്വദിച്ചിരുന്നുവെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളിപ്പിച്ചുവെന്ന് മാത്രമല്ല അത് സൂക്ഷിക്കുന്നത് പ്രതികൾ തുടർന്നുവെന്നും ഇഡി വാദിച്ചു. അതുകൊണ്ട് തന്നെ പ്രഥമ ദൃഷ്ടാ പ്രതികൾക്കെതിരെ കുറ്റകൃത്യം നിലനിൽക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

അതേസമയം മറുപടി സമർപ്പിക്കാൻ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി സമയം തേടി. 5000 ഓളം പേജുകളിലായാണ് കേസ് രേഖകൾ ഉള്ളതെന്ന് അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമിക്ക് പരാതിയുടെ കോപ്പി കൈമാറാനും കോടതി നിർദേശിച്ചട്ടുണ്ട്.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി, സാം പിട്രോഡ, സുമൻ ദുബെ, യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് മറ്റ് രണ്ട് അനുബന്ധ സ്ഥാപനങ്ങൾ എന്നിവരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. അടച്ചുപൂട്ടിയ നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2000 ത്തോളം വരുന്ന ആസ്തി കൈക്കലാക്കുന്നതിനാണ് യങ് ഇന്ത്യ കമ്പനി സ്ഥാപിച്ചതെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇതുവരെ കോടതി കണ്ടുകെട്ടിയിട്ടുണ്ട്.












Click it and Unblock the Notifications