നാഷ്ണൽ ഹെരാൾഡ് കേസ്; 661 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഇഡി
ഡൽഹി: കോൺഗ്രസുമായി ബന്ധപ്പെട്ട നാഷ്ണൽ ഹെരാൾഡ് കേസിൽ 661 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ച് ഇഡി. നാഷ്ണൽ ഹെരാൾഡ് ഉടമകളായ അസോസിയേറ്റഡ് ജേണലിന്റെ ഡൽഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളാണ് തുടങ്ങിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ( പി എം എൽ എ) സെക്ഷൻ 8, അനുബന്ധ നിയമങ്ങളിലെ ചട്ടം 5(1) എന്നിവ പ്രകാരമാണ് നടപടി. ആസ്തികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ ബന്ധപ്പെട്ട പ്രോപ്പർട്ടി രജിസ്ട്രാർമാർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളും ഫണ്ടുകളുടെ ദുരുപയോഗവും നടന്നുവെന്നാണ് കേസ്. 2014 ൽ ബി ജെ പി നേതാവായ സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് നൽകിയത്. 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ നിയന്ത്രണം നേടുന്നതിനായാണ് യങ് ഇന്ത്യ കമ്പനി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ആസ്തികൾ ഏറ്റെടുത്തതെന്നാണ് പരാതിയിലെ ആരോപണം.

പരാതിയിൽ 2021 ലാണ് ഇ ഡി അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇഡി പല സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത് സംബന്ധിച്ച രേഖകൾ ലഭിച്ചതായി ഇഡി അവകാശപ്പെട്ടിരുന്നു. അനധികൃത ഫണ്ട് സ്വരൂപിക്കാൻ എ ജെ എൽ യങ് ഇന്ത്യ കമ്പനിയെ ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വ്യാജ സംഭാവനകളിലൂടെ 18 കോടി, മുൻകൂർ വാടകയായി 38 കോടി, പരസ്യങ്ങളിലൂടെ 29 കോടി എന്നിങ്ങനെ കമ്പനി സ്വരൂപിച്ചുവെന്നാണ് ഇഡി ആരോപിച്ചത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് 2023 നവംബറിൽ മുംബൈ, ലഖ്നൗ, ഡൽഹി എന്നിവിടങ്ങളിലെ 661 കോടി വിലമതിക്കുന്ന സ്വതുക്കളും 90.2 കോടി വരുന്ന എ ജെ എൽ ഓഹരികളും ഇഡി താത്കാലികമായി കണ്ടുകെട്ടിയിരുന്നു. പിന്നീട് ഏപ്രിൽ 10 ഓടെ ഈ നടപടികൾ ശരിവെച്ചു.
നിലവിൽ
മുംബൈയിലെ ഹെറാൾഡ് ഹൗസിന്റെ മൂന്ന് നിലകൾ ഉപയോഗിക്കുന്ന ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ടിനും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടകയും ഇഡിക്ക് നേരിട്ട് നൽകാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications