സോണിയാ ഗാന്ധിയോട് ബിജെപി പക തീര്‍ക്കുന്നു?
ദില്ലി: ഭാരതീയ ജനതാ പാര്‍ട്ടി തങ്ങളോട് പകപോക്കുകയാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ ആദായനികുതി വകുപ്പ് സോണിയാ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ നോട്ടീസ് അയച്ചിരുന്നു. ഇതിനെയാണ് സോണിയാ ഗാന്ധി രാഷ്ട്രീയ പകപോക്കലായി കുറ്റപ്പെടുത്തുന്നത്.
ഇത്തരത്തിലുള്ള രാഷ്ട്രീയ വേട്ടയാടല്‍ ഭരണത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സഹായിക്കും എന്നും സോണിയാ ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും കോടതിയില്‍ ഹാജരാകാന്‍ ദില്ലി മെട്രോപോളിറ്റന്‍ ജഡ്ജി ഗോമതി മനോച നോട്ടീസ് അയച്ചിരുന്നു. കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ തെളിവുകളുള്ളതായി കോടതിക്ക് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയ പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. 1938 ല്‍ തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് 2008ല്‍ പൂട്ടി. നാഷണല്‍ ഹെറാള്‍ഡിന്റെ ഫണ്ടും ഭൂമിയും അവിഹിതമായി വക മാറ്റി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ മോത്തിലാല്‍ വോറ, മുന്‍ കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
ബി ജെ പി നേതാവായ സുബ്രഹ്മണ്യം സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡിനെ കൈവശം വെച്ചിരിക്കുന്ന അസോസിയേറ്റഡ് ജേര്‍ണലിനെ ഏറ്റെടുക്കാനായി സോണിയാ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യന്‍ ലിമിറ്റഡിന് കോണ്‍ഗ്രസ് പാര്‍ട്ടി അനധികൃതമായി ലോണ്‍ നല്‍കി എന്നും ആരോപണമുണ്ട്. നാഷണല്‍ ഹെറാള്‍ഡിന്റെ രണ്ടായിരം കോടിയോളം വരുന്ന സ്വത്ത് വകകള്‍ സോണിയാ ഗാന്ധിയും പാര്‍ട്ടിയും സ്വന്തമാക്കി എന്നാണ് കേസ്.












Click it and Unblock the Notifications