ദേശീയപാതകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുമ്പ് വശങ്ങളില്‍ മരങ്ങള്‍ നടാന്‍ നിര്‍ദേശം
പുതുതായി നിര്‍മ്മിച്ച ദേശീയപാതകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുന്‍പ് അവിടെ ആവശ്യമായ ഹരിതവല്‍ക്കരണം ഉറപ്പാക്കുന്നതിനായി, നാഷണല്‍ ഹൈവേ അതോറിറ്റി ഒരു പുതിയ നിബന്ധന ഏര്‍പ്പെടുത്തി. ഇനിമുതല്‍, പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി കാണിക്കുന്ന താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുന്നതിനോ മുന്‍പായി, മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.
അതോറിറ്റി പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു പുതിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതായും വാണിജ്യ ആവശ്യങ്ങള്‍ക്ക് സുരക്ഷിതമാണെന്നും സാക്ഷ്യപ്പെടുത്തുന്നതിന് മുന്‍പ്, ഹരിതവല്‍ക്കരണവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ കാര്യമായി നിറവേറ്റിയിരിക്കണം. അനുമതികള്‍ നല്‍കുന്നതിന് മുന്‍പായി പാതയോരത്ത് ചെടികള്‍ വളര്‍ത്താന്‍ അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ കുറഞ്ഞത് 80 ശതമാനത്തിലെങ്കിലും മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചിരിക്കണം.

കൂടാതെ, പരിശോധനാ വേളയില്‍ നട്ടുപിടിപ്പിച്ച തൈകളില്‍ കുറഞ്ഞത് 90 ശതമാനമെങ്കിലും നിലനില്‍ക്കുകയും വേണം. പാതയുടെ പ്രവര്‍ത്തന-പരിപാലന കാലയളവിലെ പണം നല്‍കുന്ന നടപടികളെയും അതോറിറ്റി ഹരിതവല്‍ക്കരണ പരിപാലനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തന-പരിപാലനകാലയളവില്‍ ഉടനീളം നട്ടുപിടിപ്പിച്ച ചെടികളുടെ അതിജീവന നിരക്ക് കുറഞ്ഞത് 90 ശതമാനമെങ്കിലും നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചിരിക്കും പ്രവര്‍ത്തന-പരിപാലന തുകയോ വാര്‍ഷിക ഗഡുക്കളോ അനുവദിക്കുന്നതും പരിപാലന വ്യവസ്ഥകള്‍ പാലിച്ചോ എന്ന് വിലയിരുത്തുന്നതും.
ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വഴി, നിര്‍മ്മാണം പൂര്‍ത്തിയായതായി സാക്ഷ്യപ്പെടുത്തുന്നതിന് മുന്‍പ്, അനുവദിക്കപ്പെട്ട സ്ഥലത്ത് ഹരിതവല്‍ക്കരണം നിലനിര്‍ത്തുന്നതിനും നട്ടുപിടിപ്പിച്ച തൈകളുടെ അതിജീവനം ഉറപ്പാക്കുന്നതിനും ഹൈവേ കരാറുകാരും പദ്ധതി നടത്തിപ്പുകാരും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിഗമനം.
ഹൈവേ പദ്ധതികളുടെ പാരിസ്ഥിതിക സുസ്ഥിരത, സൗന്ദര്യവല്‍ക്കരണം, പൂര്‍ണ്ണത എന്നിവയില്‍ വൃക്ഷത്തൈ നടീലും ലാന്‍ഡ്സ്‌കേപ്പിംഗും (ഭൂപ്രകൃതി ഭംഗിയാക്കല്‍) നിര്‍ണായക ഘടകങ്ങളാണ്. കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കരാര്‍ അല്ലെങ്കില്‍ കണ്‍സെഷന്‍ കരാറിലെ വ്യവസ്ഥകള്‍, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അല്ലെങ്കില്‍ ദേശീയപാത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍, 'ഗ്രീന്‍ ഹൈവേസ് പോളിസി 2015' എന്നിവയ്ക്ക് അനുസൃതമായാണ് വൃക്ഷത്തൈ നടീല്‍ പൂര്‍ത്തിയാക്കിയതെന്ന് റീജിയണല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കും.
ബാക്കിയുള്ള വൃക്ഷത്തൈ നടീല്‍ പൂര്‍ത്തിയാക്കി ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുന്നത് വരെ, കരാര്‍ അല്ലെങ്കില്‍ കണ്‍സെഷന്‍ കരാര്‍ പ്രകാരമുള്ള സാമ്പത്തിക തുക തടഞ്ഞുവെക്കുന്നത് തുടരുമെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. നട്ട തൈകളില്‍ ഏതെങ്കിലും നശിച്ചുപോയാല്‍, ഏകീകൃത സ്വഭാവം നിലനിര്‍ത്തുന്നതിനായി അതേ പ്രായവും വളര്‍ച്ചയുമുള്ള പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നു.





Click it and Unblock the Notifications
