തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചു, കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസിൽ എൻഐഎ അന്വേഷണം
ദില്ലി: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. ഒക്ടോബര്‍ 23ന് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് എന്‍ഐഎക്ക് വിടണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎ അന്വേഷണത്തിന് അനുമതി നല്‍കിയത്.
കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎയിലേക്ക് എത്തുന്നത്. എന്‍ഐഎ ഇതിനകം തന്നെ ഒരു ഡിജിയേയും എസ്പിയേയും സംഭവ സ്ഥലത്തേക്ക് അയച്ച് പ്രാഥമിക വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ദീപാവലിക്ക് തൊട്ട് തലേ ദിവസമാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടെ ഈശ്വരന്‍ അമ്പലത്തിന് സമീപത്ത് വെച്ച് കാര്‍ പൊട്ടിത്തെറിച്ചത്. തുറന്നിട്ട രണ്ട് ഗാസ് സിലിണ്ടറുകളാണ് കാറിനുളളില്‍ പൊട്ടിത്തെറിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ 29കാരന്‍ ജമീഷാ മുബിന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു സ്‌ഫോടനം. മാരുതി 800 കാര്‍ ആയിരുന്നു സ്‌ഫോടനത്തിനായി ഉപയോഗിച്ചിരുന്നത്. സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമുളളതായാണ് സംശയിക്കുന്നത്. മുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. തീവ്രവാദ ബന്ധം സംശയിച്ച് മുബിനെ 2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തിരുന്നതാണ്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഫ്‌സര്‍ ഖാന്‍ എന്നയാളെയും കോയമ്പത്തൂരില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി സ്‌ഫോടനത്തിന് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചത് ഇയാളാണ് എന്നാണ് സംശയിക്കുന്നത്. മുബിനും അറസ്റ്റിലായ അഞ്ച് പേരും നിലവില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീന്‍ എന്നയാളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. 2019ല്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. ശനിയാഴ്ച രാത്രി 11.30തോട് കൂടി മുബിനും ചിലരും ചേര്‍ന്ന് വെളുത്ത തുണിയില്‍ പൊതിഞ്ഞ് ചില സാധനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications