ട്രാക്കില്‍ വീണ്ടും അപകടം; റേസിംഗിനിടെ കാര്‍ മറിഞ്ഞ് ദേശീയ താരം മരിച്ചു
ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ ദേശീയ താരം റേസര്‍ കെ ഇ കുമാര്‍ അന്തരിച്ചു. മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന എം ആര്‍ എഫ് എം എം എസ്സി എഫ് എം എസ് സി ഐ ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ ആണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം.
59 കാരനായ കെ ഇ കുമാറിന്റെ കാര്‍ എതിരാളിയുടെ കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ട്രാക്കിന് പുറത്ത് പ്രതിരോധ മതിലില്‍ പോയി ഇടിച്ച് മറിയുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിനിടെ ആണ് അപകടം സംഭവിക്കുന്നത്. ഉടന്‍ തന്നെ കാറിനുള്ളില്‍ നിന്ന് കെ ഇ കുമാറിനെ പുറത്തെടുത്തിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ട്രാക്കിന്റെ മെഡിക്കല്‍ സെന്ററിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കെ ഇ കുമാറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെ ഇ കുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ സാധിച്ചില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തി വെച്ചു. കെ ഇ കുമാറിന്റെ അപകട മരണം ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മീറ്റ് ചെയര്‍മാന്‍ വിക്കി ചന്ദോക്ക് പറഞ്ഞു. പരിചയ സമ്പന്നനായ റേസറായിരുന്നു കെ ഇ കുമാര്‍. സുഹൃത്തും മത്സരത്തിലെ എതിരാളിയും എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയാം എന്നും വിക്കി ചന്ദോക്ക് പറഞ്ഞു.
എം എം എസ് സി അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുകയും കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു എന്നും വിക്കി ചന്ദോക്ക് കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തെക്കുറിച്ച് എഫ് എം എസ് സി ഐ ദേശീയ ഗവേണിംഗ് ബോഡിയും സംഘാടകരായ എം എം എസ്സിയും അന്വേഷണം ആരംഭിച്ചതായും ചന്ദോക്ക് കൂട്ടിച്ചേര്‍ത്തു.
കെ ഇ കുമാറിന്റെ മരണത്തെ തുടര്‍ന്ന് പൊലീസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എം എം എസ് സിയുടെ ആജീവനാന്ത അംഗമായിരുന്നു കെ ഇ കുമാര്‍. ദേശീയ തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications