ജ്യോതി ബസുവിന്റെ റെക്കോഡ് പഴങ്കഥ; കൂടുതല്‍ കാലം മുഖ്യമന്ത്രിയായവരില്‍ രണ്ടാമന്‍ പട്‌നായിക്, ഒന്നാമനാര്?
ഭുവനേശ്വര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി എന്ന നേട്ടം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്. മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ റെക്കോര്‍ഡ് ആണ് നവീന്‍ പട്‌നായിക് തകര്‍ത്തത്. 1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ 5 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു 23 വര്‍ഷവും 137 ദിവസവും ആണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്.
നവീന്‍ പട്‌നായിക് 23 വര്‍ഷവും 139 ദിവസവും ആയി ഒഡിഷ മുഖ്യമന്ത്രിയാണ്. ഇപ്പോഴും അദ്ദേഹം പദവിയില്‍ തുടരുന്നു. അഞ്ച് തവണ ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്നായിക് 2000 മാര്‍ച്ച് 5 ന് ആണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 1997 ല്‍ പിതാവ് ബിജു പട്നായിക്കിന്റെ വിയോഗത്തെ തുടര്‍ന്നാണ് നവീന്‍ പട്നായിക് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്.

ജനതാദളില്‍ നിന്ന് വേര്‍പിരിഞ്ഞ നവീന്‍ പട്‌നായിക് 1997 ഡിസംബര്‍ 26 ന് പിതാവിന്റെ പേരില്‍ ബിജു ജനതാദള്‍ (ബി ജെ ഡി) രൂപീകരിക്കുകയായിരുന്നു. 1998 മുതല്‍ 2000 വരെ കേന്ദ്ര സ്റ്റീല്‍ ആന്‍ഡ് മൈന്‍സ് മന്ത്രിയായും നവീന്‍ പട്‌നായിക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതല്‍ 2000 വരെ അസ്‌കയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായിരുന്നു നവീന്‍ പട്‌നായിക്.
സിക്കിമിന്റെ മുന്‍ മുഖ്യമന്ത്രി, പവന്‍ കുമാര്‍ ചാംലിംഗിന്റെ പേരില്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന റെക്കോര്‍ഡ്. 1994 ഡിസംബര്‍ 12 മുതല്‍ 2019 മെയ് 26 വരെ 25 വര്‍ഷത്തിലേറെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഗിഗോംഗ് അപാംഗ് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 22 വര്‍ഷവും 250 ദിവസവും അപാംഗ് മുഖ്യമന്ത്രിയായിരുന്നു.
അഞ്ചാമതുള്ള മിസോറാം മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍വാല 22 വര്‍ഷവും 60 ദിവസവും മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിംഗ് (21 വര്‍ഷം 13 ദിവസം), ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ (19 വര്‍ഷം 363 ദിവസം), തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി (18 വര്‍ഷം 362 ദിവസം) പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ (18 വര്‍ഷം 350 ദിവസം) എന്നിവരാണ് പട്ടികയിലെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.












Click it and Unblock the Notifications