നവി മുംബൈ വിമാനത്താവളം നാളെ മുതല്‍; ആദ്യമിറങ്ങുന്നത് ബെംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം
മുംബൈ: പുതുതായി നിര്‍മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ക്രിസ്മസ് ദിനത്തില്‍ ചിറകു വിരിച്ചു പറക്കും. നാളെ മുതല്‍ ഇവിടെ ഔദ്യോഗികമായി ഇവിടെ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇന്‍ഡിഗോ, അകാസ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്റ്റാര്‍ എയര്‍ എന്നീ വിമാനക്കമ്പനികളാണ് ആദ്യദിനം സര്‍വീസ് നടത്തുന്നത്. മുംബൈ മെട്രോ നഗരത്തെ സംബന്ധിച്ച് ചരിത്രപരമായ ചുവടുവയ്പ്പാണിത്. ഇന്ത്യയില്‍ രണ്ട് വിമാനത്താവളങ്ങളുള്ള ആദ്യ നഗരമായി മുംബൈ ഇതോടെ മാറിയിരിക്കുകയാണ്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ഒന്നാം ദിവസം ആഭ്യന്തര റൂട്ടുകളിലായി ആകെ 30 സര്‍വീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉദ്ഘാടന ദിവസം രാവിലെ എട്ടു മണിക്ക് ബെംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമായിരിക്കും ഇവിടെ ആദ്യമായി ലാന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് 8.40-ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം യാത്ര പുറപ്പെടും.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. നവി മുംബൈ, താനെ, റായ്ഗഡ്, പൂനെ, കൊങ്കണ്‍ മേഖലയിലുള്ള ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ ഏറ്റവും സൗകര്യം ഈ വിമാനത്താവളമായിരിക്കും. അന്താരാഷ്ട്ര സര്‍വീസുകള്‍ മാര്‍ച്ച് മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെയാണ് സര്‍വീസുകള്‍. അധികം വൈകാതെ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാകും.

നിലവില്‍ വര്‍ഷം തോറും 50 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് വലയുന്ന ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ വിമാനത്താവളം സഹായിക്കും. ഇവിടുത്തെ തിരക്ക് മൂലം യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട്. പുതുവര്‍ഷത്തില്‍ യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഇവിടെ നിന്നുള്ള സര്‍വീസുകള്‍ ബുക്ക് ചെയ്യാം.
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. 19,647 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. നിലവില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ വിമാനത്താവളം എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ 90 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാകും.
യാത്രക്കാര്‍ക്കു വേണ്ടി വിപുലമായ കണക്റ്റിവിറ്റി സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അടല്‍ സേതു എന്നറിയപ്പെടുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് വഴിയും ഉറാന്‍-പന്‍വേല്‍ റോഡ് വഴിയും ദക്ഷിണ മുംബൈയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഇതുകൂടാതെ നവി മുംബൈയെയും പഴയ വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ട് 34 കിലോമീറ്റര്‍ നീളമുള്ള എയര്‍പോര്‍ട്ട് എക്‌സ്പ്രസ് മെട്രോ പദ്ധതിയും ഒരുങ്ങുന്നുണ്ട്. തര്‍ഘര്‍ സ്റ്റേഷനില്‍ നിന്ന് വിമാനത്താവള ടെര്‍മിനലിലേക്ക് ബസ് സര്‍വീസുകളും ലഭ്യമാണ്.
ഏറ്റവും മികച്ച സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് വിമാനത്താവള അധികൃതര്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ലോഞ്ചായ ദി പര്‍പ്പിള്‍ ലോഞ്ച്, മുംബൈയുടെയും മഹാരാഷ്ട്രയുടെയും സാംസ്‌കാരിക കഥകള്‍ വിവരിക്കുന്നതിനായി എല്‍ഇഡി, കൈനറ്റിക് ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകള്‍ ഉപയോഗിച്ച് 1,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നവിവേഴ്സ് എന്ന ഇമ്മേഴ്സീവ് സോണും വിമാനത്താവളത്തിലെ ആകര്‍ഷണങ്ങളാണ്. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ മഹാരാഷ്ട്ര അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയൊരു വിപ്ലവമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications