ഇത് ജനങ്ങളുടെ തീരുമാനം, അവർക്ക് തെറ്റുപറ്റില്ല : തോൽവിയിൽ പ്രതികരിച്ച് സിദ്ദു
ചണ്ഡീഗഢ്: പഞ്ചാബിലെ കോൺഗ്രസിന്‍റെ ദയനീയ പരാജയത്തിന് ശേഷം ആദ്യപ്രതികരണവുമായി പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് നവ്‌ജ്യോത് സിങ് സിദ്ദു. ഈ സമയം മാറ്റത്തിന്‍റെ രാഷ്‌ട്രീയത്തിന്റെതാണ്. പഞ്ചാബിൽ പുതിയ ഒരു ഭരണത്തെ തെരഞ്ഞെടുത്ത ജനങ്ങളെ ഞാൻ അനുമോദിക്കുന്നുവെന്നും നവജ്യോത് സിങ് സിദ്ദു പ്രതികരിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് പ്രസിഡന്‍റ് ആണെന്നിരിക്കെ ഇത്തരത്തിൽ പ്രതികരിക്കാമോയെന്ന ചോദ്യത്തിന് ജനം മാറ്റത്തിനാണ് വോട്ട് ചെയ്‌തതെന്നും അവർക്ക് ഒരിക്കലും തെറ്റുപ്പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ഈ തീരുമാനം ദൈവത്തിന്‍റെ തീരുമാനം ആണെന്നും അത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിന്‍റെ ഉന്നമനമായിരുന്നു തന്‍റെ ലക്ഷ്യം. പഞ്ചാബിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തുടർന്നും അങ്ങനെത്തന്നെ ആയിരിക്കുമെന്നും സിദ്ദു വ്യക്തമാക്കി. ഞാനും ജനങ്ങളും തമ്മിലുള്ള ബന്ധം പരിധിയില്ലാത്തതാണ്. അത് ദൈവികമാണ്. അത് ഹൃദയത്തിൽ നിന്ന് വരുന്നതാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി മാത്രം ജനങ്ങളുമായുള്ള ഈ ബന്ധത്തെ ഞാൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ജനങ്ങളിൽ ഞാൻ ദൈവത്തെ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുതിർന്ന നേതാക്കളിൽ ഒരാളാണ് നവജ്യോത് സിങ് സിദ്ദു. അമൃത്‌സർ ഈസ്റ്റിൽ നിന്ന് മത്സരിച്ച സിദ്ദു ആംആദ്‌മി സ്ഥാനാർഥി ജീവൻജ്യോത് കൗറിനോടാണ് പരാജയപ്പെട്ടത്. 6000ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആംആദ്‌മി സ്ഥാനാർഥി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
നവജ്യോത് സിങ് സിദ്ദുവിന് 32,929 വോട്ടും കൗറിന് 39,520 വോട്ടുമാണ് ലഭിച്ചത്.
അമൃത്‌സർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മൂന്ന് തവണ സിദ്ദു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തുടർന്ന് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സിദ്ദു കോൺഗ്രസിൽ ചേരുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ 42,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അമൃത്‌സർ ഈസ്റ്റിൽ നിന്ന് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചാബിലെ തെരഞ്ഞെടുപ്പിൽ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ പരാജയം രുചിച്ചിട്ടുണ്ട്. ബിക്രം സിങ് മജീദിയ, പർകാശ് സിങ് ബാദൽ, സുഖ്‌ബീർ സിങ് ബാദൽ, നവ്‌ജ്യോത്‌സിങ് സിദ്ദു, അമരീന്ദർ സിങ്, ചരൺജീത് സിങ് ചന്നി തുടങ്ങിയ വൻ മരങ്ങളാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. എന്നാൽ ചരൺജീത് സിങ് ചന്നിയുടെ പരാജയം കോൺഗ്രസിന്‍റെ തോൽവിക്ക് ആക്കം കൂട്ടുന്നതാണ്. സിറ്റിങ് സീറ്റായ ചംകൗർ സാഹിബ്, ബദൗര്‍ എന്നിവിടങ്ങളിൽ നിന്ന് ജനവിധി തേടിയ ചന്നി രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു. രണ്ടിടത്തും ആംആദ്‌മി സ്ഥാനാർഥികളോടാണ് അദ്ദേഹം പരാജിതനായത്.












Click it and Unblock the Notifications