
കോണ്‍ഗ്രസ് തോറ്റിട്ടും വിഭാഗീയത തുടരുന്നു, പഞ്ചാബില്‍ വീണ്ടും ചര്‍ച്ചയായി നവജ്യോത് സിദ്ദു
ദില്ലി: കോണ്‍ഗ്രസ് പഞ്ചാബില്‍ തോറ്റിട്ടും പ്രശ്നങ്ങള്‍ മാറുന്നില്ലെന്ന് സൂചന. നവജ്യോത് സിംഗ് സിദ്ദു ഒരിക്കല്‍ കൂടി കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിദ്ദു ഇനിയൊന്നും മിണ്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഗ്രൂപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഏഴ് കോണ്‍ഗ്രസ് നേതാക്കളെത്തിയത് ക്ഷണിച്ചിട്ടായിരുന്നു. ഒപ്പം നവതോജ് സിംഗ് ചീമയുടെ വീട്ടില്‍ മറ്റൊരു യോഗവും കഴിഞ്ഞ ദിവസം നടന്നു. ഇതെല്ലാം പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള നീക്കമാണ്. സിദ്ദുവിന്റെ ബലത്തിലാണ് നേതാക്കള്‍ വീണ്ടും തലപ്പൊക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനം സിദ്ദുവിന് വീണ്ടും കൊടുക്കണമെന്ന് ആവശ്യപ്പെട്ടവര്‍ വരെയുണ്ട്.
ദിലീപിന്റെ അഭിഭാഷകരെ അന്വേഷണ സംഘത്തിന് പേടി? മറച്ചുവെക്കുന്നു, വെളിപ്പെടുത്തലുമായി സംവിധായകന്
സിദ്ദു പിന്നോട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും ചരണ്‍ജിത്ത് സിംഗ് ചന്നി മൗനം പാലിച്ചിരിക്കുകയാണ്. അദ്ദേഹത്തെ പ്രതിപക്ഷ സ്ഥാനം ഏല്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡ് താല്പര്യപ്പെടുന്നത്. പഞ്ചാബിലെ സീനിയര്‍ എംപിമാരെല്ലാം സിദ്ദുവിന് എതിരാണ്. ഹൈക്കമാന്‍ഡിലെ പല നേതാക്കളും സിദ്ദു വേണ്ടെന്ന നിലപാടിലാണ്. പാര്‍ട്ടി തോല്ക്കുന്നതില് വലിയ പങ്ക് സിദ്ദുവിനുണ്ടെന്നാണ് വിലയിരുത്തല്‍. ഒപ്പം സുനില്‍ ജക്കറിനെ ഇനി ഒരു സ്ഥാനത്തേക്കും പരിഗണിക്കേണ്ടെന്നാണ് തീരുമാനം. പാര്‍ട്ടിക്ക് ഇത്രത്തോളം പ്രശ്നങ്ങളുണ്ടാക്കിയത് ഇവര്‍ രണ്ടുപേരുമാണെന്ന് പരക്കെ വിമര്‍ശനമുണ്ട്.
സിദ്ദുവിന് ഇനി പോകാന്‍ ഒരു പാര്‍ട്ടിയില്ല. അതുകൊണ്ട് കോണ്‍ഗ്രസില്‍ തന്നെ അധികാരമുറപ്പിക്കാനാണ് നീക്കം. എഎപി, അകാലിദള്‍, ബിജെപി പാര്‍ട്ടികളൊന്നും സിദ്ദുവിനെ അടുപ്പിക്കില്ല. അതിന് കാരണം പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന സിദ്ദുവിന്റെ നയങ്ങളാണ്. യോഗത്തില്‍ പങ്കെടുത്തത് തോറ്റവരാണെന്ന് ചീമ പറയുന്നു. എട്ട് പേര്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. അഞ്ച് നേതാക്കള്‍ക്കാണെങ്കില്‍ മത്സരിക്കാന്‍ ടിക്കറ്റും നല്‍കിയിരുന്നില്ല. ഇതെല്ലാം പരിശോധിക്കാനാണ് യോഗം ചേര്‍ന്നതെന്നാണ് ചീമ പറയുന്നത്. പാര്‍ട്ടിയെ ഒന്നിപ്പിച്ചില്ലെങ്കില്‍ ഒന്നുമുണ്ടാകില്ലെന്ന് സിദ്ദുവിനോട് പറഞ്ഞുവെന്നും ചീമ പറഞ്ഞു.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്താനാണ് യോഗം ചേര്‍ന്നതെന്ന് ലുധിയാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എ രാകേഷ് പാണ്ഡെ പറഞ്ഞു. പാണ്ഡെ എഎപിയോട് ഇത്തവണ തോറ്റ നേതാവാണ്. കോണ്‍ഗ്രസിന്റെ പതിനെട്ട് എംഎല്‍എമാരില്‍ രണ്ട് പേര് മാത്രമാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. സിദ്ദുവിന്റെ രീതികള്‍ മാറ്റണമെന്ന നേതാക്കള്‍ ഒന്നാകെ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദുവിന് കോണ്‍ഗ്രസില്‍ സ്വതന്ത്ര ചുമതല കിട്ടിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. തോല്‍വിക്ക് കാരണം അതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പക്ഷേ ബഹുഭൂരൂപക്ഷം നേതാക്കളും സിദ്ദുവിന് എതിരാണെന്ന് വ്യക്തമാണ്.
ദിലീപിന്റെ പരാതി ഗൗരവമായി കണ്ട് സര്‍ക്കാര്‍, കേസില്‍ അതിരുവിടരുത്, അന്വേഷണ ചുമതല മാറാം?