ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്സല്‍ ആക്രമണം: കുഴിബോംബ് പൊട്ടി 11 സിആർപിഎഫ് ജവാന്‍മാർക്ക് വീരമൃത്യു
ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ നക്സലുകൾ നടത്തിയ സ്ഫോടനത്തിൽ 11 ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ അരൺപൂർ റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തെ നക്സലുകൾ ആക്രമിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഡി ആർ ജിയുടെ ഒരു സംഘം വാഹനത്തിൽ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുമ്പോൾ അരൺപൂർ റോഡിൽ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ച് 10 ജവാന്മാരും ഡ്രൈവറും കൊല്ലപ്പെടുകയായിരുന്നു.

മരിച്ചവരുടെ എണ്ണം ഇനിയും അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ കൂട്ടിച്ചേർക്കുന്നത്. മേഖലയിലെ സുരക്ഷാ സേനയെ ആക്രമിക്കുമെന്ന് നക്സലുകൾ കഴിഞ്ഞയാഴ്ച കത്തിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ' ഇതൊരു ഐഇഡി സ്‌ഫോടനമാണ്, മഴ പെയ്യുന്ന പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി ഒരു സംഘത്തെ അയച്ചിട്ടുണ്ട്. കൂടുതല്‍ സംഘം എത്രയും പെട്ടെന്ന് അവിടെ എത്തും'- ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി താമ്രധ്വജ് സാഹുവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ദന്തേവാഡയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നക്‌സലുകൾ ഐഇഡി ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും രംഗത്ത് വന്നിട്ടുണ്ട്. "ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള് കിട്ടിക്കൊണ്ടിരിക്കുകയാണ്. അത് വളരെ ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. ഈ പോരാട്ടം അവസാന ഘട്ടത്തിലാണ്. നക്സലുകളെ വെറുതെ വിടില്ല''- മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് തന്നെ മാവോയിസ്റ്റുകൾക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള മേഖലയാണ് ദണ്ഡേവാഡ. ഇവിടെ മുൻപും നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഗ്രാമവാസികളും സുരക്ഷ ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 2021 ഏപ്രിലില്‍ ബീജാപൂർ, സുക്മ ജില്ല അതിർത്തിയിലെ ടെറം കാടുകളിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്.












Click it and Unblock the Notifications