മോദി മടങ്ങി, ഒരാളെ വെടിവെച്ചു കൊന്ന് നക്‌സലുകളുടെ പ്രതികാരം
ദില്ലി: തോക്കുകള്‍ താഴെ വെച്ച് കലപ്പ കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയതിന് പിന്നാലെ ഛത്തീസ്ഗഡില്‍ നക്‌സലൈറ്റുകള്‍ ഒരാളെ വെടിവെച്ചു കൊന്നു. നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച മുന്നൂറോം ഗ്രാമീണരെ നക്‌സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ ഒരാളെയാണ് വെടിവെച്ചു കൊന്നത്. ഗ്രാമത്തലവന്റെ സഹോദരനായ സാദാറാമാണ് കൊലപ്പെട്ടത്.
നക്‌സലൈറ്റുകള്‍ പഞ്ചായത്ത് കൂടി ഇയാള്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കാന്‍ ശ്രമിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. നാട്ടുകാരില്‍ ഒരാള്‍ പോലും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പാടില്ല എന്ന കര്‍ശനമായ താക്കീത് നല്‍കി ബന്ദികളെ മുഴുവന്‍ നക്‌സലൈറ്റുകള്‍ വിട്ടയച്ചു.

നക്‌സലുകളുടെ സ്വാധീന കേന്ദ്രമായ ദണ്ഡേവാഡയില്‍ ശനിയാഴ്ചയാണ് നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയത്. ദില്‍മിലി ഗ്രാമത്തില്‍ സ്റ്റീല്‍ പ്ലാന്റും റാവുഘട്ട് - ജഗ്ദല്‍പുര്‍ 140 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍പാതയുടെ രണ്ടാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നക്‌സല്‍ബാരിക്ക് മാവോയിസത്തില്‍ നിന്ന് മോചിതമാകാമെങ്കില്‍ ബസ്തറിനും തീവ്രവാദത്തില്‍ നിന്ന് മോചിതമാകാന്‍ കഴിയുമെന്ന് മോദി പറഞ്ഞു.
എന്നാല്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു തരത്തിലും തങ്ങള്‍ തയ്യാറല്ല എന്ന സൂചനയാണ് നക്‌സലൈറ്റുകള്‍ നല്‍കുന്നത്. മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് നക്‌സലൈറ്റുകള്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിരുന്നു. റെയില്‍പ്പാളങ്ങള്‍ തകര്‍ക്കുകയും റോഡുകള്‍ തടയുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുനേരെ നക്‌സലൈറ്റുകള്‍ ആക്രമണം നടത്തുന്ന മേഖലയാണ് ബസ്തറിലെ ദണ്ഡേവാഡ.












Click it and Unblock the Notifications