ഹൈദരാബാദില്‍ 2 ഗുണ്ടാനേതാക്കളെ വെടിവെച്ചുകൊന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് ഗുണ്ടാ നേതാക്കളെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ മെഹ്ബൂബ് നഗറിലാണ് സംഭവം. ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും തെലങ്കാന പോലീസും ദേശീയ സുരക്ഷാ സേനയും സംയുക്ത റെയ്ഡ് നടത്തുന്നുണ്ട്. ഗുണ്ടാ ക്യാംപുകളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. ഇവിടെ നിന്നും വെടിയൊച്ചയും മറ്റും കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹൈദരാബാദിന് സമീപം ഷാദ്‌നഗറിലെ മില്ലേനിയം ടൗണ്‍ഷിപ്പിലാണ് ഗുണ്ടാസംഘവുമായി എന്‍ ഐ എയും പോലീസും ഏറ്റുമുട്ടല്‍ നടത്തിയത്. കൊല്ലപ്പെട്ട രണ്ടുപേരും ഗുണ്ടാനേതാക്കളാണ്. എന്‍ ഐ എ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് നയീം മുന്‍ നക്‌സലെറ്റാണ്. ഇയാള്‍ പിന്നീട് ഗുണ്ടാസംഘത്തില്‍ ചേരുകയായിരുന്നു. 20 കൊലപാതക കേസുകള്‍ അടക്കം 100 കേസുകളില്‍ പ്രതിയാണ് ഇയാള്‍.
തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ ഭുവനഗിരി സ്വദേശിയാണ് നയീം. ഐ പി എസ് ഓഫീസറായ വ്യാസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ നയീമായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ സാംബശിവുഡു, രാമുലു എന്നിവരെയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തെലങ്കാനയില്‍ സ്വന്തമായി ഒരു ഗുണ്ടാസംഘമുണ്ടാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇയാളെ പോലീസ് തിരയുകയാണ്. നയീമിനെ കൊലപ്പെടുത്തിയ കാര്യം പോലീസ് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോയിരുന്നു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications