പീരിയോഡിക് ടേബിളും ജനാധിപത്യവും പഠിക്കേണ്ട; പാഠ്യപദ്ധതി പരിഷ്‌കാരവുമായി വീണ്ടും എന്‍സിഇആര്‍ടി
ന്യൂഡല്‍ഹി: പീരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ സ്രോതസുകള്‍ എന്നീ പാഠഭാഗങ്ങള്‍ പത്താം ക്ലാസിലെ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കി എന്‍ സി ഇ ആര്‍ ടി. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരിലാണ് ഇവ ഒഴിവാക്കുന്നത്. നേരത്തെ പത്താം ക്ലാസ് പാഠ്യപദ്ധതിയില്‍ നിന്ന് പരിണാമ സിദ്ധാന്തം നീക്കം ചെയ്തിരുന്നു.
സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ വിഷയങ്ങളില്‍ പരിസ്ഥിതി സുസ്ഥിരത, ഊര്‍ജ്ജ സ്രോതസ് എന്നിവയാണ് ഉള്‍പ്പെടുന്നത്. സാമൂഹ്യ ശാസ്ത്രത്തിലെ ജനാധിപത്യ രാഷ്ട്രീയത്തില്‍ നിന്ന് ജനാധിപത്യം, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെക്കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പ്രസക്തമായ വിഷയം തിരഞ്ഞെടുത്താല്‍ ഇവയെല്ലാം പഠിക്കാന്‍ സാധിക്കും എന്നാണ് അധികൃതര്‍ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്‌ക്കേണ്ടത് അനിവാര്യമാണ് എന്നാണ് എന്‍ സി ഇ ആര്‍ ടി പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രയാസം, ആവര്‍ത്തിക്കുന്നതും അപ്രസക്തവുമായ ഉള്ളടക്കം എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രസ്തുത വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് എന്‍ സി ഇ ആര്‍ ടിയുടെ വിശദീകരണം.
ഇന്ത്യയില്‍ സ്‌കൂളുകളില്‍ ശാസ്ത്രം നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കുന്ന അവസാന വര്‍ഷമാണ് പത്താം ക്ലാസ്. അതിനാല്‍ തന്നെ ബിരുദത്തിന് മുന്‍പ് ശാസ്ത്രം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ ഇനി പിരീയോഡിക് ടേബിളിനെ കുറിച്ച് പഠിക്കാനാകൂ. ഈ വര്‍ഷം ആദ്യം, പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയ എന്‍ സി ഇ ആര്‍ ടി നടപടി വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇതെല്ലാം തള്ളിക്കളയുകയായിരുന്നു. കൊവിഡ് കാരണംപഠനഭാരം കുറയ്ക്കുന്നതിന് കോഴ്സുകളുടെ പരിഷ്‌കരണം നടക്കുകയാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വെബ്‌സൈറ്റുകളില്‍ ഉണ്ട് എന്നായിരുന്നു വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞത്. അതേസമയം പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ശാസ്ത്രജ്ഞര്‍ എന്‍ സി ഇ ആര്‍ ടിക്ക് കത്തെഴുതിയിരുന്നു.
ഐ ഐ ടി, ഐസര്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്തജ്ഞരാണ് പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്. പരിണാമ സിദ്ധാന്തത്തിന് പുറമേ ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മോളികുലാര്‍ ഫൈലോജെനി ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങളും എന്‍സിഇആര്‍ടി ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications