'പ്രതിപക്ഷം ഒറ്റക്കെട്ടാണ്', രാഹുൽ ഗാന്ധിയും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാർ
ദില്ലി: കോണ്‍ഗ്രസ് നേതൃത്വവുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനുളള നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.
കൂടിക്കാഴ്ചയെ കുറിച്ച് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. 'ഇന്ത്യയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുളള ഈ പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മികച്ച ഭാവിക്ക് വേണ്ടിയുളള കാഴ്ചപ്പാട് രൂപീകരിക്കാന്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും' എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചിരിക്കുന്നത്.

ദില്ലിയിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷത്തെ ഐക്യം രൂപീകരിക്കുന്നതിനുളള തന്ത്രങ്ങളാണ് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ജെഡിയു, ആര്‍ജെഡി നേതാക്കളായ നിതീഷ് കുമാറും തേജസ്വി യാദവുമായും കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
'പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും അടക്കമുളള നേതാക്കളെ കാണുകളും സംസാരിക്കുകയും വേണം. തങ്ങള്‍ മുന്നോട്ട് തന്നെ പോകും, എല്ലാവരേയും ചേര്‍ത്തി നിര്‍ത്തിക്കൊണ്ട്, പ്രതിപക്ഷത്തെ ഒരുമിപ്പിക്കും', കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'മുംബൈയില്‍ നിന്നും ശരദ് പവാര്‍ തങ്ങളെ കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനും വന്നു എന്നത് സന്തോഷകരമാണ്. കഴിഞ്ഞ ദിവസം താനും രാഹുല്‍ ഗാന്ധിയും നിതീഷ് കുമാറും തേജസ്വി യാദവുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്തുന്നതിനെ കുറിച്ചാണ് സംസാരിച്ചത്' എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
'ഇന്ന് രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍, രാജ്യത്തെ രക്ഷിക്കാന്‍, ജനാധിപത്യത്തെ രക്ഷിക്കാന്‍, ഭരണഘടനയേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും സംരക്ഷിക്കാന്‍, സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത്, തൊഴിലില്ലായ്മ പോലുളള പ്രശ്‌നങ്ങളില്‍ എല്ലാം പ്രതിപക്ഷം ഒരുമിച്ച് പൊരുതുമെന്നും' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications