27 സംസ്ഥാന സമിതികളും ഒപ്പം, കളത്തിലിറങ്ങി ശരത് പവാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനോടും ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: എന്‍സിപിയിലെ പ്രതിസന്ധികള്‍ക്കിടെ വിമതരെ നേരിടാന്‍ ശക്തമായി രംഗത്തിറങ്ങി ശരത് പവാര്‍. പാര്‍ട്ടി ചിഹ്നത്തിന് അടക്കം അജിത് നടത്തുന്ന നീങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അദ്ദേഹം രംഗത്ത് വന്നു. അജിത് പവാറിനെ അധ്യക്ഷനായി തിരഞ്ഞെടുത്ത കാര്യം നേരത്തെ അറിയാമായിരുന്നിട്ടും, എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ശരത് പവാര്‍ ചോദിച്ചു.
അതേസമയം കൂടുതല്‍ പേര്‍ ശരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ശരത് പവാര്‍ വ്യാഴാഴ്ച്ച വിളിച്ച യോഗത്തില്‍ 27 സംസ്ഥാന സമിതികളും പങ്കെടുത്തു. ഇവര്‍ ശരത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു.അതേസമയം അജിത് പവാര്‍ അടക്കം മറുകണ്ടം ചാടിയ മുതിര്‍ന്ന നേതാക്കളെയും 9 എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ശരത് പവാര്‍ അധ്യക്ഷനായ എന്‍സിപി പ്രമേയം പാസാക്കി.

വ്യാഴാഴ്ച്ച പവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് 27 സംസ്ഥാന സമിതികളും പങ്കെടുത്തത്. ഇവര്‍ പവാറിനൊപ്പമാണന്നും വ്യക്തമാക്കി. എല്ലാ സംസ്ഥാന അധ്യക്ഷന്‍മാരും ഇന്ന് ശരത് പവാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിനെത്തി. മഹാരാഷ്ട്ര സംസ്ഥാന സമിതിയും, കേരള എന്‍സിപി വിഭാഗവും പവാറിനൊപ്പമാണ്. കേരളത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയും, മന്ത്രി എകെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. എട്ട് പ്രമേയങ്ങളാണ് ദേശീയ നിര്‍വാഹക സമിതി പാസാക്കിയത്.
താന്‍ തന്നെയാണ് എന്‍സിപി അധ്യക്ഷനെന്നും, മറ്റ് അവകാശവാദങ്ങള്‍ക്കൊന്നും ഇല്ലെന്നും പവാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. എന്‍സിപി പിളര്‍ന്നതോടെ ശരത് പവാരിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് അജിത് പവാര്‍ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തി നല്‍കിയിരുന്നു. അജിത് പവാറാണ് പുതിയ എന്‍സിപി അധ്യക്ഷനെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ വിമതര്‍ അറിയിച്ചിരുന്നു. ആരുടേതാണ് യഥാര്‍ത്ഥ എന്‍സിപി എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുകയെന്നും, അതുവരെ ഒരാളും യോഗങ്ങള്‍ ചേരാന്‍ പാടില്ലെന്നുമായിരുന്നു അജിത് പവാര്‍ വിഭാഗം പറഞ്ഞത്.
അജിത് പവാര്‍ എന്‍സിപിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കാര്യം എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അറിയിച്ചില്ല. ഇസി അങ്ങനെ ചെയ്യേണ്ടതായിരുന്നുവെന്നും പവാര്‍ പറഞ്ഞു. അതേസമയം നിയമോപദേശം തേടിയ ശേഷം മുന്നോട്ട് പോകാനാണ് പവാറിന്റെ തീരുമാനം. പലയിടത്തും പവാറിനെ പിന്തുണച്ച് കൊണ്ട് പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്‍സിപിയുടെ കാര്യത്തില്‍ ചിലര്‍ എന്തെങ്കിലും പറയുന്നതിന് പ്രാധാന്യം നല്‍കേണ്ടതില്ല. ഞാനാണ് അധ്യക്ഷനെന്നും ശരത് പവാര്‍ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.












Click it and Unblock the Notifications