പാര്‍ട്ടിയുടെ ചിഹ്നവും പേരും തീരുമാനിക്കണം; പവാറുമാര്‍ക്ക് സമയം നീട്ടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
മുംബൈ: പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും സംബന്ധിച്ച നോട്ടീസിന് മറുപടി നല്‍കാന്‍ എന്‍ സി പിയുടെ ശരദ് പവാര്‍ പക്ഷത്തിനും അജിത് പവാര്‍ പക്ഷത്തിനും നോട്ടീസ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുവിഭാഗത്തിനും മൂന്നാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ടിന് ഇരുവിഭാഗവും നോട്ടീസിന് മറുപടി നല്‍കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
നേരത്തെ ശരദ് പവാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 27 ന് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത് പവാര്‍ വിഭാഗത്തിനും ശരദ് പവാര്‍ വിഭാഗത്തിനും നോട്ടീസ് നല്‍കിയിരുന്നത്. ഇത് പ്രകാരം വ്യാഴാഴ്ച (ആഗസ്റ്റ് 17) മറുപടി നല്‍കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്‍ സി പി അധ്യക്ഷനായി അജിത് പവാറിനെ തിരഞ്ഞെടുത്തുവെന്ന് വിമത വിഭാഗം അംഗങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു.

ഇതിനോടൊപ്പം 40 എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ സത്യവാങ്മൂലവും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ വിമത ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്നതുവരെ അവരെ സമീപിക്കേണ്ടതില്ലെന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം തീരുമാനിച്ചിരുന്നു. നിലവില്‍ ഏകനാഥ് ഷിന്‍ഡെ-ദേവേന്ദ്ര ഫഡ്നാവിസ് സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാണ് അജിത് പവാര്‍.
അതേസമയം അജിത് പവാര്‍ ഉള്‍പ്പെടെ ഒമ്പത് എന്‍ സി പി എം എല്‍ എമാര്‍ക്കെതിരെ ജൂലായ് മൂന്നിന് ശരദ് പവാര്‍ വിഭാഗം അയോഗ്യത പ്രമേയം കൊണ്ടുവന്നിരുന്നു. പിന്നാലെ ശരദ് പവാര്‍ വിഭാഗം, അജിതിനൊപ്പമുള്ള വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനും ജനറല്‍ സെക്രട്ടറി സുനില്‍ തത്കറെയ്ക്കും ഒപ്പം ഒമ്പത് എം എല്‍ എമാരെയും പുറത്താക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതിയിലായിരുന്നു തീരുമാനം.
എന്നാല്‍ അതിനിടെ ശരദ് പവാര്‍, അജിത് പവാറുമായി പൂനെയില്‍ യോഗം ചേര്‍ന്നത് ഇരുവരുടെയും ഭാവി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഒരു വ്യവസായിയുടെ വീട്ടിലാണ് മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോള്‍, ഒത്തുചേരല്‍ രഹസ്യമല്ലായിരുന്നുവെന്നാണ് ശരദ് പവാര്‍ പറഞ്ഞത്.
എന്‍ സി പിയുടെ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ താനും പാര്‍ട്ടിയും ബി ജെ പിക്കൊപ്പം പോകില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. ബി ജെ പിയുമായുള്ള ഒരു ബന്ധവും എന്‍ സി പിയുടെ രാഷ്ട്രീയ നയത്തില്‍ ചേരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications