മഹാരാഷ്ട്രയിൽ ശിവസേനയെ പിന്തുണയ്ക്കുമെന്ന് സൂചന നൽകി എൻസിപി; 2 നിബന്ധനകൾ
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപികരിക്കാനുള്ള കാലാവധി രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കാനിരിക്കെ തിരക്കിട്ട നീക്കങ്ങളാണ് ശിവസേനയും ബിജെപിയും നടത്തുന്നത്. ശിവസേനയുടെ ആവശ്യങ്ങളോട് അനുകൂലമായ യാതൊരു പ്രതികരണവും ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോയാൽ ശിവസേനയെ വരുതിയിലാക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അതേസമയം മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ രൂപികരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതായും റിപ്പോർട്ടുകളുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ശിവസേനയ്ക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് എൻസിപി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

പരിഹാരം കാണാതെ പ്രതിസന്ധി
മഹാരാഷ്ട്രയിൽ രണ്ടര വർഷം മുഖ്യമന്ത്രി പദവും തുല്യമായ പദവികളും വേണമെന്നാണ് ശിവസേന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ വിട്ടുവീഴ്ചകൾ ഇല്ലാതെ സർക്കാർ രൂപീകരണം സാധ്യമല്ല. തിരഞ്ഞെടുപ്പിന് മുമ്പ് അംഗീകരിച്ച ധാരണകൾ നടപ്പിലാക്കാൻ ബിജെപി തയ്യാറാകണമെന്നും അതാണ് രാഷ്ട്രീയ മര്യാദയെന്നും ശിവസേന പറയുന്നു. എന്നാൽ മുഖ്യമന്ത്രി പദത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ബിജെപിയുടെ നിലപാട്. ഈ ഘട്ടത്തിലാണ് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിച്ച് ബിജെപിയുമായി വിലപേശൻ നടത്താൻ ശിവസേന ശ്രമിക്കുന്നത്.

എൻസിപി നിലപാട്
ബിജെപിയുമായുള്ള തർക്കത്തിൽ തുടക്കം മുതൽ ശിവസേനയ്ക്ക് അനുകൂലമായ നിലപാടാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ സ്വീകരിക്കുന്നത്. ശിവസേനയുടെ ആവശ്യം ന്യായമാണെന്നാണ് പവാറിന്റെ നിലപാട്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് എൻസിപി പ്രഖ്യാപിച്ചിരിക്കുന്നത്. ശിവസേനയ്ക്ക് മുമ്പിൽ ചില നിബന്ധനകൾ കൂടി വയ്ക്കുകയാണ് എൻസിപി.

നിബന്ധനകൾ
ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാൻ ശിവസേന തയ്യാറാകണമെന്നാണ് എൻസിപിയുടെ ആദ്യ നിബന്ധന. ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായ അർവിന്ദ് സാവന്ത് രാജി വയ്ക്കണമെന്ന നിബന്ധനയും എൻസിപി മുന്നോട്ട് വയ്ക്കുന്നു. ബിജെപി ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകുന്നതാണ് ഉചിതം. എന്നാൽ ബിജെപി കടുംപിടുത്തം തുടർന്നാൽ ബദൽ മാർഗങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പക്ഷെ ബിജെപിയും എൻഡിഎയുമായി ശിവസേനയ്ക്ക് യാതൊരു ബന്ധവും പാടില്ല- എൻസിപി വക്താവ് നവാബ് മാലിക് വ്യക്തമാക്കി.

കോൺഗ്രസ് നിലപാട്
അതേ സമയം കോൺഗ്രസിന്റെ നിലപാടും നിർണായകമാകും. ശിവസേനയുമായി യാതൊരു ബന്ധവും വേണ്ടെന്ന നിലപാടാണ് സോണിയാ ഗാന്ധിക്കുള്ളതെന്നാണ് സൂചന. അതേസമയം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇതിനെ അനുകൂലിക്കുന്നുമുണ്ട്. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം കടക്കാൻ 145 സീറ്റുകൾ വേണം. ബിജെപിക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് നിലവിലുള്ളത്.

എംഎൽഎമാരെ ചാടിക്കും
സേന എംഎൽഎമാരെ അടർത്തിയെടുത്ത് കേവല ഭൂരിപക്ഷം കടക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. ബിജെപി നേതാക്കൾ തന്നെ ഇത് പരസ്യമായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി ശ്രമം നടത്തിയാൽ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പാളയത്തിലെത്തിയവരെ സ്വന്തം പാർട്ടികളിലേക്ക് തിരികെയത്തക്കുമെന്ന് എൻസിപി വെല്ലുവിളിച്ചിരിക്കുകയാണ്. എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും മുൻനിര നേതാക്കളിൽ പലരും ബിജെപിയിൽ ചേർന്നിരുന്നു. ഇവർ തിരിച്ചെത്തിയാൽ ബിജെപി എംഎൽഎമാരുടെ എണ്ണം 25-30 ആയി ചുരുങ്ങുമെന്നാണ് എൻസിപിയുടെ മുന്നറിയിപ്പ്.

വീണ്ടും തിരഞ്ഞെടുപ്പോ?
സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കാം. ഇതോടെ മഹാരാഷ്ട്രയിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങും. 2014ലേതുപോലെ ന്യൂനപക്ഷ സർക്കാർ രൂപികരിച്ച് ശിവസേനയെ സമ്മർദ്ദത്തിലാക്കി സർക്കാരിൽ ചേർക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.












Click it and Unblock the Notifications