മമത എത്തി; എന്‍സിപി അപ്രത്യക്ഷം!! ഗോവയില്‍ കളി വേറെ ലെവല്‍, പോരിന് 3 പാര്‍ട്ടികള്‍
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ പല പാര്‍ട്ടികള്‍ക്കും വെല്ലുവിളിയാണ്. ഏറ്റവും വലിയ കക്ഷിയായി ഏറെകാലം ഗോവ ഭരിച്ച കോണ്‍ഗ്രസിന് മാത്രമല്ല, പേരിനെങ്കിലും നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്ന എന്‍സിപിക്കും വെല്ലുവിളി ഏറി. ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഈ തീരദേശ സംസ്ഥാനത്ത് കരുത്താര്‍ജിക്കുകയാണ്.
പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതിനൊപ്പം സാധ്യമാകുന്ന എല്ലാ നേതാക്കളെയും പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ന് വലിയ രാഷ്ട്രീയ മാറ്റമാണ് ഗോവയില്‍ സംഭവിച്ചിരിക്കുന്നത്. മമത ബാനര്‍ജി സംസ്ഥാനത്ത് എത്തിയിരിക്കെ എന്‍സിപിയുടെ എംഎല്‍എ രാജിവച്ചു. എന്‍സിപി നിയമസഭാ യൂണിറ്റ് തൃണമൂലില്‍ ലയിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗോവ നിയമസഭയില്‍ എന്‍സിപിക്ക് ഒരു എംഎല്‍എ ആണുള്ളത്. 72കാരനായ ചര്‍ച്ചില്‍ അലമാവോ. ഇദ്ദേഹം ഇന്ന് നിയമസഭാ സ്പീക്കര്‍ രാജേഷ് പട്‌നേക്കറെ സന്ദര്‍ശിച്ച്, എന്‍സിപിയുടെ നിയമസഭാ കക്ഷി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചുവെന്ന് കത്തുനല്‍കി. ബെനോലിം നിയമസഭാ മണ്ഡലത്തെയാണ് അലമാവോ പ്രതിനിധീകരിച്ചിരുന്നത്.

അലമാവോ ഗോവയിലെ എന്‍സിപിയുടെ മുഖമാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഗോവയിലെത്തുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മമത ബാനര്‍ജി ഗോവയിലെത്തുന്നത്. ഇത് മമതയുടെ രണ്ടാം ഗോവന്‍ സന്ദര്‍ശനമാണ്.

നേരത്തെ മമത ഗോവയിലെത്തിയ വേളയില്‍ നിരവധി നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ എംഎല്‍എ ഉള്‍പ്പെടെ ഇന്ന് തൃണമൂലിലാണ്. ടെന്നിസ് താരം ലിയാണ്ടര്‍ പേസ്, കോണ്‍ഗ്രസ് നേതാവും നടിയുമായ നഫീസ അലി, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലുസിനോ ഫലീറോ എന്നിവരെല്ലാം ഇന്ന് തൃണമൂലിന്റെ സജീവ പ്രവര്‍ത്തകരായി.

പാര്‍ട്ടി മാറിയെങ്കിലും എംഎല്‍എ പദവി രാജിവെക്കില്ലെന്ന് അലമാവോ പറഞ്ഞു. എന്തിന് ഞാന്‍ എംഎല്‍എ പദവി രാജിവെക്കണമെന്നാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചത്. നിയമസഭാ വിഭാഗം മൊത്തമായി തൃണമൂലില്‍ ലയിക്കുകയാണ് ചെയ്തത്. അല്ലാതെ ഭാഗികമായുള്ള മാറ്റമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിച്ചാല്‍ ഭരണഘടനാപരമായി സാധ്യമാണ്. ഇവിടെ ഞാന്‍ മാത്രമാണ് എന്‍സിപിയുടെ എംഎല്‍എ. നൂറ് ശതമാനമുള്ള മാറ്റമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ എംഎല്‍എ പദവി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും നിയമവശം പരിശോധിച്ചിട്ടുണ്ടെന്നും അലമാവോ പറഞ്ഞു.

ഗോവയിലെ പ്രാദേശിക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തീരുമാനിച്ചിരുന്നു. നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്നുവെങ്കിലും ഇപ്പോള്‍ ബിജെപിയുടെ നിശിത വിമര്‍ശകരാണ് എംജിപി. മനോഹര്‍ പരീക്കര്‍ നേതൃത്വം നല്‍കിയിരുന്ന ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു എംജിപി നേതാവ് സുധിന്‍ ധവ്‌ലിക്കര്‍. തൃണമൂലുമായി സഖ്യം ചേരാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റില്‍ ജയിച്ചിരുന്നു എംജിപി. പിന്നീട് എംജിപിയുടെ രണ്ടു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മറ്റു പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ എംജിപി ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസും എഎപിയും മുഖം തിരിച്ചതോടെ അവര്‍ തൃണമൂലുമായി സഖ്യമുണ്ടാക്കി. ഗോവയിലെ മറ്റൊരു പ്രാദേശിക പാര്‍ട്ടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ ഒരു വിഭാഗം തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. ഔദ്യോഗിക വിഭാഗം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.












Click it and Unblock the Notifications