ഭാരത് ജോഡോ യാത്രയ്ക്ക് ശരദ് പവാറും; കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണം സ്വീകരിച്ചു
ന്യൂഡല്‍ഹി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. യാത്ര മഹാരാഷ്ട്രയില്‍ എത്തുമ്പോഴാകും പവാര്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് നേതാക്കള്‍ പവാറിനെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് താനെത്തുമെന്ന് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തില്‍ ഐക്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാന്‍, ബാലാസാഹിബ് തൊറാട്ട് എന്നിവര്‍ പവാറുമായി ചര്‍ച്ച നടത്തുകയും ഭാരത് ജോഡോ യാത്രയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. എല്ലാ പാര്‍ട്ടിയിലുള്ളവരെയും സംഘടനാ നേതാക്കളെയും യാത്രയുടെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. നവംബര്‍ ഏഴിനാണ് യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിക്കുക.
നാല് സംസ്ഥാനങ്ങള്‍ പിന്നിട്ട് യാത്ര ഇപ്പോള്‍ തെലങ്കാനയിലാണുള്ളത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് സെപ്തംബര്‍ ഏഴിനാണ് യാത്ര തുടങ്ങിയത്. കേരളം, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ പിന്നിട്ടു. തെലങ്കാനയില്‍ പര്യടനത്തിന് ശേഷം യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിക്കും. 3570 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് യാത്ര അവസാനിക്കുക. 150 ദിവസങ്ങള്‍ നീളുന്ന യാത്ര കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം.
''കോണ്‍ഗ്രസിന്റെ പാര്‍ട്ടി പരിപാടിയാണ് ഭാരത് ജോഡോ യാത്ര. സമൂഹത്തില്‍ ഐക്യമുണ്ടാക്കുക എന്ന മഹത്തായ ലക്ഷ്യം അതിനുണ്ട്. അതുകൊണ്ടാണ് ഞാനുള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടി പ്രതിനിധികള്‍ യാത്രയുടെ ഭാഗമാകുന്നത്''- പവാര്‍ പറഞ്ഞു.
രാഷ്ട്രീയം മറ്റു രംഗത്തേക്ക് കൊണ്ടുവരരുത് എന്ന് ബിസിസിഐ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പവാര്‍ പ്രതികരിച്ചു. ഞാന്‍ ബിസിസിഐ പ്രസിഡന്റായിരുന്ന വേളയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച് നരേന്ദ്ര മോദിയും ഡല്‍ഹിയെ പ്രതിനിധീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലിയും ഹിമാചല്‍ പ്രദേശിനെ പ്രതിനിധീകരിച്ച് അനുരാഗ് താക്കൂറും ബിസിസിഐ അംഗങ്ങളായിരുന്നു. കായിക താരങ്ങള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കുകയാണ് ബോര്‍ഡിന്റെ കടമ. അതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ശരിയല്ലെന്നും പവാര്‍ പറഞ്ഞു.












Click it and Unblock the Notifications