മകള്‍ ബിജെപിയില്‍; എന്‍സിപി മന്ത്രി പുറത്ത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിജയകുമാര്‍ ഗാവിതിനെ എന്‍ സി പി പുറത്താക്കി. മകള്‍ ഹിന ഗാവിത് ബി ജെ പിയില്‍ ചേര്‍ന്നതാണ് വിജയകുമാറിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത്. ഹിന ഗാവിത് നന്ദൂര്‍ബാര്‍ മണ്ഡലത്തില്‍ നിന്നും ബി ജെ പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കും.
മകള്‍ ബി ജെ പിക്ക് വേണ്ടി മത്സരിച്ചാല്‍ വിജയകുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുമെന്ന് എന്‍ സി പി നേതൃത്വം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഹിനയുടെ പേരും അതിലുണ്ടായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി വിജയകുമാറിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനോട് എന്‍ സി പി നേതൃത്വം ആവശ്യപ്പെട്ടത്.

പാര്‍ട്ടി പ്രസിഡണ്ട് രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലാണ് വിജയകുമാറിന്റെ മകള്‍ ഹിന ഗാവിത് ബി ജെ പിയില്‍ ചേര്‍ന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ മണ്ഡലത്തില്‍ നിന്നുമാണ് ഹിന മത്സരിക്കുന്നത്. 9 തവണ എം പിയും മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് മാണിക് റാവു ഗാവിതാണ് ഹിനയുടെ എതിരാളി.
എന്‍ സി പി മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് വിജയകുമാര്‍ ഗാവിതും ബി ജെ പിയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഗുജറാത്ത് - മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നന്ദൂര്‍ബാര്‍ ജില്ലയില്‍ ആദിവാസി വോട്ടുകളാണ് കൂടുതല്‍. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയകുമാര്‍ ഗവിതിന്റെ സഹോദരന്‍ ശരദ് ഗാവിത് ബി എസ് പി ടിക്കറ്റില്‍ മാണിക് റാവു ഗാവിതിനെതിരെ ഇവിടെ മത്സരിച്ചിരുന്നു.












Click it and Unblock the Notifications