അജിതിനൊപ്പമുള്ള 19 എംഎല്‍എമാര്‍ ശരദ് പവാര്‍ ക്യാമ്പിലേക്ക്? വെളിപ്പെടുത്തലുമായി രോഹിത് പവാര്‍
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയുടെ 18 മുതല്‍ 19 വരെ എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് എന്‍ സി പി (എസ് പി) വിഭാഗം നേതാവും ശരദ് പവാറിന്റെ ചെറുമകനുമായ രോഹിത് പവാര്‍. നിയമസഭയുടെ വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് ശേഷം ഈ എം എല്‍ എമാര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തും എന്നാണ് രോഹിത് പവാറിന്റെ അവകാശവാദം.
2023 ജൂലൈയിലെ സംഘടന പിളര്‍പ്പിന് ശേഷം പാര്‍ട്ടി സ്ഥാപകന്‍ ശരദ് പവാറിനും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ മോശമായി സംസാരിച്ചിട്ടില്ലാത്ത നിരവധി എന്‍ സി പി എം എല്‍ എമാരുണ്ടെന്ന് രോഹിത് പവാര്‍ പറഞ്ഞു. 'എന്നാല്‍ അവര്‍ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും അവരുടെ നിയോജക മണ്ഡലങ്ങളുടെ വികസന ഫണ്ട് നേടുകയും വേണം. അതിനാല്‍ അവര്‍ സെഷന്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കും,' അദ്ദേഹം പറഞ്ഞു.

മണ്‍സൂണ്‍ സമ്മേളനത്തിന് ശേഷം അവര്‍ തങ്ങളുടെ ഭാഗത്തേക്ക് കടക്കുമെന്നും രോഹിത് പവാര്‍ അവകാശപ്പെട്ടു. ആരെ തിരിച്ചെടുക്കണമെന്ന് ശരദ് പവാറും മറ്റ് എന്‍ സി പി (എസ് പി) നേതാക്കളും ചേര്‍ന്ന് തീരുമാനിക്കുമെന്ന് അഹമ്മദ്നഗര്‍ ജില്ലയിലെ കര്‍ജത്-ജാംഖേഡില്‍ നിന്നുള്ള എം എല്‍ എ കൂടിയായ രോഹിത് പറഞ്ഞു. അടുത്ത കേന്ദ്ര മന്ത്രിസഭാ വികസനം നടക്കുമ്പോള്‍ താന്‍ മന്ത്രിയാകുമെന്ന് എന്‍ സി പി രാജ്യസഭാ എം പി പ്രഫുല്‍ പട്ടേല്‍ പറഞ്ഞതായും രോഹിത് പവാര്‍ പറഞ്ഞു.
'ഇതിനര്‍ത്ഥം അജിത് പവാറിന്റെ പാര്‍ട്ടിയില്‍ പ്രഫുല്‍ പട്ടേലിന് പൂര്‍ണ പിടിയുണ്ടെന്നാണ്. അജിത് പവാര്‍ വേര്‍പിരിഞ്ഞത് വികസനത്തിനാണോ അതോ പ്രഫുല്‍ പട്ടേലിനെ ഇ ഡിയില്‍ നിന്ന് രക്ഷിക്കാനാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ എന്‍ ഡി എ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പട്ടേലിനെ ഉള്‍പ്പെടുത്താനുള്ള ബി ജെ പിയുടെ വാഗ്ദാനം എന്‍ സി പി നിരസിച്ചിച്ചിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ എന്‍ സി പി (എസ് പി) എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ സി പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇത് അജിതിനും കൂട്ടര്‍ക്കും വലിയ തിരിച്ചടിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം അജിതിനൊപ്പമുള്ള നേതാക്കള്‍ ശരദ് പവാര്‍ വിഭാഗത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
2019 ലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത എന്‍ സി പി 54 നിയമസഭാ സീറ്റുകള്‍ നേടിയിരുന്നു. 2023 ജൂലൈയില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം 40 ഓളം എം എല്‍ എമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 27 ന് ആരംഭിച്ച് ജൂലൈ 12 ന് അവസാനിക്കും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്മേളനമാണിത്.
മഹാരാഷ്ട്രയില്‍ ശിവസേന (യുബിടി)ക്കും കോണ്‍ഗ്രസിനും ഒപ്പം സഖ്യത്തിലാണ് എന്‍ സി പി (എസ് പി). മഹാ വികാസ് അഘാഡി സഖ്യം ഭരണത്തിലായിരിക്കെ ശിവസേനയെ പിളര്‍ത്തിയാണ് ബി ജെ പി അധികാരം പിടിച്ചത്. ഇതിന് ശേഷമാണ് എന്‍ സി പിയിലും പിളര്‍പ്പുണ്ടാക്കിയത്.


Click it and Unblock the Notifications