എണ്‍പത്തെട്ടാം വയസ്സില്‍ തിവാരിക്ക് വിവാഹം!
ലഖ്‌നൊ: ഒടുവില്‍ എന്‍ ഡി തിവാരി വിവാഹിതനായി. അതും എണ്‍പത്തെട്ടാം വയസ്സില്‍. തന്റെ പിതാവാണ് എന്‍ ഡി തിവാരി എന്ന് സുപ്രീം കോടതിയില്‍ ഡി എന്‍ എ ടെസ്റ്റിലൂടെ തെളിയിച്ച രോഹിത് ശേഖറിന്റെ അമ്മ ഉജ്വല ശര്‍മയെയാണ് തിവാരി ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്.
രോഹിതിന്റെ പിതൃത്വം നിഷേധിച്ച തിവാരി കോടതിയില്‍ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് നടത്തി ദില്ലി ഹൈക്കോടതി രോഹിത് തിവാരിയുടെ മകന്‍ തന്നെ എന്ന് കണ്ടെത്തി. വര്‍ഷങ്ങള്‍ വിവാദത്തിനൊടുവില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് രോഹിത് തന്റെ മകനാണ് എന്ന് തിവാരി പരസ്യമായി സമ്മതിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമാണ് 88 കാരനായ എന്‍ ഡി തിവാരി. ഉജ്വല ശര്‍മയും നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. ലഖ്‌നൊവില്‍ വെച്ചായിരുന്നു വിവാഹം. ഇവരുടെ മകന്‍ രോഹിത് ശേഖറും വിവാഹത്തിന് സാക്ഷിയായിരുന്നു. തിവാരിയുടെ ആദ്യഭാര്യ സുശീല സന്‍വാള്‍ 1993 ലാണ് മരിച്ചത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് അറുപത്തേഴാം വയസ്സില്‍ വിവാഹം ചെയ്യുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പ് വലിയ വിവാദമായിരുന്നു. സിംഗിന്റെ തീരുമാനത്തിനെതിരെ കുടുംബക്കാരും രംഗത്തുവന്നു. ട്വിറ്ററിലൂടെ വിവാഹം പ്രഖ്യാപിച്ച സിംഗും കാമുകി അമൃതാ റായിയും വിവാഹത്തില്‍ നിന്നും പിന്മാറിയതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications