മണിപ്പൂരിലെ ഗോത്രവര്‍ഗം മ്യാന്‍മര്‍ പൗരന്മാരെന്ന് അമിത് ഷാ; എതിര്‍പ്പറിയിച്ച എന്‍ഡിഎ എംപിയുടെ മൈക്ക് ഓഫാക്കി!
ഐസ്വോള്‍: മണിപ്പൂരിലെ ഗോത്രവര്‍ഗക്കാരെ മ്യാന്‍മര്‍ പൗരന്മാരെന്ന് പരാമര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ എന്‍ ഡി എ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ (എംഎന്‍എഫ്) എം പി കെ വന്‍ലാല്‍വേന. അമിത് ഷായുടെ പരാമര്‍ശം നിരാശാജനകമാണ് എന്ന് കെ വന്‍ലാല്‍വേന പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ലമെന്റിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതിന് എതിരെയാണ് എം എന്‍ എഫിന്റെ ഏക രാജ്യസഭാംഗമായ വന്‍ലാല്‍വേന രംഗത്തെത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിവല്‍ക്കരിക്കുന്നതിന് മുന്‍പ് കഴിഞ്ഞ 200 വര്‍ഷത്തിലേറെയായി വടക്ക് കിഴക്കന്‍ മേഖലയില്‍ താമസിക്കുന്നവരാണ് മണിപ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഞാന്‍ മിസോറാമില്‍ നിന്നുള്ള ഒരു ഗോത്രവര്‍ഗക്കാരനാണ്. ഞങ്ങള്‍ വിദേശികളല്ല, മ്യാന്‍മര്‍ പൗരന്മാരുമല്ല. ഞങ്ങള്‍ ഇന്ത്യക്കാരാണ്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലായിരുന്നു,' രാജ്യസഭയില്‍ വന്‍ലാല്‍വേന പറഞ്ഞു. വടക്ക്- കിഴക്കന്‍ ഗോത്രങ്ങളുടെ സാന്നിധ്യം നൂറ്റാണ്ടുകളായി ഈ പ്രദേശത്തുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചര്‍ച്ചയുടെ ഉള്ളടക്കം സെന്‍സിറ്റീവ് വിഷയമായി കണക്കാക്കി സഭാ രേഖകളിലുണ്ടാകില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് തന്റെ നിരാശ പരസ്യമാക്കി വന്‍ലാല്‍വേന രംഗത്തെത്തിയത്. തന്റെ പ്രസംഗത്തിന്റെ നാലില്‍ മൂന്ന് ഭാഗവും കേള്‍ക്കാതെ മൈക്രോഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു എന്നും വന്‍ലാല്‍വേന ആരോപിച്ചു.
മണിപ്പൂരിലെ പ്രശ്‌നത്തിന് കാരണം അനധികൃത നുഴഞ്ഞുകയറ്റക്കാരാണ് എന്ന മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നിലപാടിനോട് യോജിക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവന എന്ന് വന്‍ലാല്‍വേന പറഞ്ഞു. മിസാറോമില്‍ മുഖ്യമന്ത്രി സോറാംതംഗയുടെ നേതൃത്വത്തിലുള്ള എം എന്‍ എഫ് ബി ജെ പി നയിക്കുന്ന എന്‍ ഡി എയെ പിന്തുണക്കുന്നത് പ്രശ്‌നാധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എം എന്‍ എഫ് എന്‍ ഡി എയുടെ സഖ്യകക്ഷിയായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പാര്‍ലമെന്റില്‍ പിന്തുണച്ചിരുന്നു. എന്നാല്‍ മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട് മാത്രമാണ് താന്‍ എന്‍ ഡി എയെ എതിര്‍ക്കുന്നതെന്ന് വന്‍ലാല്‍വേന പിന്നീട് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ എം എന്‍ എഫ് പിന്തുണയ്ക്കുന്നു. എന്നാല്‍ ഞാന്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നത് മണിപ്പൂര്‍ വിഷയത്തില്‍ മാത്രമാണ് ഈ പിന്തുണ എന്നും അല്ലാത്തപക്ഷം ഞങ്ങള്‍ എന്‍ ഡി എയുടെ ഭാഗമായി തുടരുകയും കേന്ദ്രത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നാണ് എന്ന് വന്‍ലാല്‍വേന കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications