കർണാടകയില്‍ എന്‍ഡിഎ സീറ്റുകള്‍ ഒറ്റയക്കം കടക്കില്ല: ഞങ്ങള്‍ 20 ലേറെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ്
ബെംഗളൂരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബി ജെ പി - ജെ ഡി(എസ്) സഖ്യം വിജയിക്കുന്ന സീറ്റുകളുടെ എണ്ണം ഒറ്റ അക്കത്തിൽ കടക്കില്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) വക്താവ് എം.ലക്ഷ്മണ. സംസ്ഥാനത്തെ 28 സീറ്റുകളും സഖ്യകക്ഷികൾ തൂത്തുവാരുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങളെ അദ്ദേഹം പരിഹസിക്കുകയും ചെയ്യുന്നു.
"കർണാടകയിൽ ബി ജെ പി - ജെ ഡി എസ് സഖ്യം ഒറ്റ അക്കത്തിൽ കൂടുതല്‍ കടക്കില്ല. നിങ്ങൾക്ക് എൻ്റെ വാക്കുകൾ രേഖപ്പെടുത്തി വെക്കാം" കോൺഗ്രസ് നേതാവ് പറഞ്ഞു. 28 സീറ്റുകളിലും വിജയിക്കുമെന്ന വലിയ അവകാശവാദങ്ങളൊന്നും കോൺഗ്രസ് പാർട്ടി ഉന്നയിക്കില്ല. പക്ഷേ, ഞങ്ങൾ 20 സീറ്റുകൾ കടക്കും. 20 മുതൽ 22 വരെ സീറ്റുകൾ നേടുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബി ജെ പിയും ജെ ഡി എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ആശയക്കുഴപ്പമുണ്ടെന്നും ലക്ഷ്മണ പറഞ്ഞു. ചില സീറ്റുകളിൽ ബി ജെ പി സ്ഥാനാർത്ഥികൾ ജെ ഡി(എസ്) ചിഹ്നത്തിലും മറ്റ് സീറ്റുകളിൽ ജെഡി(എസ്) സ്ഥാനാർത്ഥികൾ ബി ജെ പി ചിഹ്നത്തിലും മത്സരിക്കുമെന്ന് മാധ്യമങ്ങളിൽ ഊഹാപോഹമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
മാണ്ഡ്യ, ഹാസൻ എന്നിവയുൾപ്പെടെ മൂന്ന് മണ്ഡലങ്ങൾ ജെഡി (എസിന്) നൽകിയതായി കരുതുന്നുണ്ടെങ്കിലും തുംകൂരിൽ ബി ജെ പി സ്ഥാനാർത്ഥി ജെഡി (എസ്) ചിഹ്നത്തിൽ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. കോലാറിലും ബെംഗളൂരു റൂറലിലും ജെഡിഎസ് സ്ഥാനാർത്ഥികൾ ബി ജെ പി ചിഹ്നത്തിലും മത്സരിച്ചേക്കും. മൈസൂരുവിൽ ജെഡി(എസ്) തങ്ങളുടെ സ്ഥാനാർത്ഥിയെ ബിജെപി ചിഹ്നത്തിൽ നിർത്തുമെന്ന അഭ്യൂഹവും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജെ ഡി(എസ്)ൻ്റെയും ബി ജെ പിയുടെയും അണികൾക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടെന്ന് അവകാശപ്പെട്ട ലക്ഷ്മണ, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പ്രവർത്തകരുടെയും വോട്ടർമാരുടെയും വിരുദ്ധ മനോഭാവമാണ് നിലവിലെ ബി ജെ പി എംപിമാർ നേരിടുന്നതെന്നും അവകാശപ്പെട്ടു. ഉഡുപ്പി-ചിക്കമംഗളൂരു ലോക്‌സഭാ മണ്ഡലത്തിൽ "ഗോ ബാക്ക്" പ്രചാരണം നേരിടുന്ന കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ ഉദാഹരണവും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്ന മാണ്ഡ്യ എംപി സുമലതയുടെ ദുരവസ്ഥയും ലക്ഷ്മണ സൂചിപ്പിച്ചു. മണ്ഡലം ജെ ഡി എസിന് നല്‍കാന്‍ നോക്കുന്ന ബി ജെ പി സുമതലയെ കൈവിട്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications