അരുണാചൽ പ്രദേശിൽ പുതിയ ചൈനീസ് ഗ്രാമം? സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് എൻഡിടിവി
ദില്ലി: അരുണാചല്‍പ്രദേശില്‍ ചൈന വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. കുറഞ്ഞത് 60 കെട്ടിടങ്ങള്‍ എങ്കിലും ചൈന പുതിയതായി നിര്‍മ്മിച്ചതായാണ് പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത് എന്നാണ് എന്‍ഡിടിവി വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്.
2019ലെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ഈ കെട്ടിടങ്ങള്‍ കാണുന്നില്ലെന്നും അതിന് ശേഷമാണ് ഇവ കാണുന്നത് എന്നും വാര്‍ത്തയില്‍ പറയുന്നത്. അരുണാചല്‍ പ്രദേശില്‍ ചൈന നേരത്തെ നിര്‍മ്മിച്ചുവെന്ന് പറയുന്ന ഗ്രാമത്തില്‍ നിന്ന് 93 കിലോ മീറ്റര്‍ ദൂരത്തായാണ് പുതിയ കെട്ടിടങ്ങള്‍ എന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അരുണാചല്‍ പ്രദേശില്‍ ചൈനീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉളളതായി ജനുവരിയില്‍ എന്‍ഡിടിവി തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് പെന്റഗണ്‍ റിപ്പോര്‍ട്ടിലും അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചതായി വ്യക്തമാക്കിയിരുന്നു. അനധികൃത കയ്യേറ്റം അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചപ്പോള്‍, ചൈന അത്തരത്തില്‍ ഇന്ത്യന്‍ മണ്ണില്‍ നിര്‍മ്മാണം നടത്തിയിട്ടില്ല എന്നായിരുന്നു സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ മണ്ണില്‍ ആറ് കിലോമീറ്ററുകള്‍ക്കിപ്പുറം അന്താരാഷ്ട്ര അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും ഇടയിലായാണ് പുതിയ നിര്‍മ്മാണം നടന്നിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നമ്മുടെ ഭൂപ്രദേശമായാണ് ഇന്ത്യ കണക്കാക്കുന്നത്. അതേ സമയം സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കാണുന്ന കെട്ടിടങ്ങളില്‍ ആള്‍താമസമുണ്ടോ എന്നത് വ്യക്തമല്ല. സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നുളള പ്രതികരണവും എന്‍ഡിടിവി വാര്‍ത്തയിലുണ്ട്.

ഈ പറയുന്ന പ്രദേശം നിയന്ത്രണ രേഖയ്ക്ക് വടക്കായി ചൈനീസ് പ്രദേശത്താണ് എന്നാണ് സൈനിക ഉദ്യോഗസ്ഥന്റെ പ്രതികരണമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈന അനധികൃതമായി കൈവശപ്പെടുത്തിയ, അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇന്ത്യ-ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും ഇടയിലാണ് ഈ പ്രദേശമെന്നും അതിനാല്‍ ഇന്ത്യന്‍ മണ്ണിലാണെന്നുമാണ് എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നത്.

ഇതേക്കുറിച്ചുളള ചോദ്യത്തിന് നേരത്തെയുളള മറുപടിയില്‍ മാറ്റം ഇല്ലെന്നാണ് സൈനിക ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ അടക്കമുളളവരില്‍ നിന്നും പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ലെന്നും ചാനല്‍ വ്യക്തമാക്കുന്നു. മാക്‌സാര്‍ ടെക്‌നോളജീസും പ്ലാനററ് ലാബ്‌സുമാണ് ചൈന പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി വ്യക്തമാക്കുന്ന പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

അരുണാചല്‍ പ്രദേശിലെ ഷി യോമി പ്രദേശത്തിന്റെതാണ് പുറത്ത് വന്ന പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങള്‍. കെട്ടിടങ്ങള്‍ മാത്രമല്ല ഒരു കെട്ടിടത്തിന് മുകളില്‍ ചൈനയുടെ പതാക വരച്ചിരിക്കുന്നതും വ്യക്തമായി ചിത്രങ്ങളില്‍ കാണാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മാപ് സര്‍വീസ് ആയ ഭാരത് മാപ്‌സിലും ഈ പ്രദേശം ഇന്ത്യയുടേതായിട്ടാണ് കാണിക്കുന്നത് എന്നും എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നു. മാത്രമല്ല ഈ പ്രദേശത്തിന്റെ ചിത്രം ജൂലൈ മാസത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ പ്രസ് ഏജന്‍സിയായ സിന്‍ഹ്വ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ ചൈന വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായുളള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നതായി കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു. അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമം സ്ഥാപിച്ചിരിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് എന്ന് കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുകമറയ്ക്ക് ഉള്ളില്‍ ഒളിച്ചിരിക്കാതെ രാജ്യത്തിന്റെ ആശങ്കയ്ക്ക് മറുപടി നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications