'സദാ സമയവും ഫോണില്‍'; നീറ്റിന് പഠിക്കാന്‍ പറഞ്ഞ അമ്മയെ മകന്‍ അടിച്ചുകൊലപ്പെടുത്തി: അച്ഛന്‍ ഗുരുതരാവസ്ഥയില്‍
ഭോപ്പാല്‍: നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കാന്‍ നിര്‍ബന്ധിച്ചതിന് 20 വയസുകാരന്‍ അമ്മയെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി. ആക്രമണത്തിന് ഇരയായ അച്ഛനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലില്‍ അധ്യാപകരായ മാതാപിതാക്കള്‍ക്കാണ് ഏക മകന്റെ ക്രൂരമായ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നത്. മൊബൈല്‍ ഫോണില്‍ സമയം കളയുന്നതിന് പകരം നീറ്റ് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.
ഭോപ്പാലില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ സിക്കന്ദര ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. സത്യം കത്രേ എന്ന 20 വയസുകാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരാണ് സത്യയുടെ മാതാപിതാക്കള്‍. അമ്മ പ്രതിഭയാണ് ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. പിതാവ് ഗുരുതരാവസ്ഥയിലാണ്.

സംഭവത്തിനു പിന്നാലെ യുവാവ് പൊലീസില്‍ കീഴടങ്ങിയിരുന്നു. അച്ഛന്‍ തന്റെ ഫോണിലെ സിം കാര്‍ഡ് നീക്കം ചെയ്തതിന്റെ ദേഷ്യത്തിലാണ് മാതാപിതാക്കളെ ആക്രമിച്ചതെന്ന് മകന്‍ മൊഴി നല്‍കിയതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രതി നിര്‍വികാരനായാണ് സംഭവം വിവരിച്ചതെന്നും പൊലീസ് പറയുന്നു.
രാജ്യത്തെ പ്രധാന എന്‍ട്രസ് കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയ്ക്കായി പഠിച്ചിരുന്നത്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സത്യം വീട്ടിലേക്ക് മടങ്ങിയത്.
സത്യം വിദ്യാസമ്പന്നമായ കുടുംബത്തില്‍ നിന്നുള്ളയാളാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 'മകന്‍ നല്ല നിലയില്‍ എത്തണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു. നീറ്റിന് തയാറെടുക്കാന്‍ അവനെ കോട്ടയിലേക്ക് അയച്ചു. പക്ഷേ നാലു മാസം കഴിഞ്ഞപ്പോള്‍ അവന്‍ തിരിച്ചെത്തി' - സിക്കന്ദരയിലെ സര്‍പാഞ്ച് കന്‍ഹയ്യലാല്‍ ഖൈര്‍വാര്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രധാനപ്പെട്ട കോച്ചിങ് ഹബ്ബായ കോട്ട വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കണക്കില്‍ കുപ്രസിദ്ധമാണ്. നിരവധി വിദ്യാര്‍ത്ഥികളാണ് പഠന സമ്മര്‍ദം താങ്ങാനാകാതെ ജീവനൊടുക്കുന്നത്.
'വീടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന സത്യം ഫോണിലാണ് സമയം ചെലവഴിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഇല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന സ്വഭാവമായിരുന്നു അവന്റേത്. തിങ്കളാഴ്ച രാത്രി അച്ഛന്‍ മൊബൈല്‍ ഉപയോഗം വിലക്കിയതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചത്. ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അഭിഷേക് ചൗധരി പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളെ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തണമെന്ന് മുന്നറിയിപ്പായി അഭിഷേക് ചൗധരി പറഞ്ഞു.
അതേസമയം, യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയിട്ടില്ലെന്നാണ് ഒരു സമീപവാസി പറഞ്ഞത്. തിങ്കളാഴ്ച രാത്രി കുറ്റകൃത്തിനു ശേഷം യുവാവ് തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കീഴടങ്ങാന്‍ സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും സത്യം കൈമാറി.
പരിക്കേറ്റ ദമ്പതികളെ മഹാരാഷ്ട്രയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ യുവാവിന്റെ അമ്മ പ്രതിഭ മരിച്ചു. കിഷോര്‍ ഐസിയുവില്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ്. പ്രതിഭയുടെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications