നീറ്റ് പിജി 2022: പരീക്ഷ മാറ്റിവച്ചിട്ടില്ല, പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ആരോഗ്യമന്ത്രാലയം
ദില്ലി: 2022-ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷ (നീറ്റ് പിജി) മാറ്റിവെച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ (എന്‍ ബി ഇ എം എസ്) പേരിലാണ് വ്യാജ കത്ത് പ്രചരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മെയ് 21ന് നടത്താനിരുന്ന നീറ്റ് പി ജി 2022 പരീക്ഷ മാറ്റിവെക്കണമെന്ന് നിരവധി നീറ്റ് പി ജി ഉദ്യോഗാര്‍ത്ഥികളും ഡോക്ടര്‍മാരുടെ ഗ്രൂപ്പുകളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കത്ത് വ്യാജമാണെന്ന് പ്രഖ്യാപിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തിട്ടുണ്ട്., 'നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ പേരില്‍ പുറപ്പെടുവിച്ച #വ്യാജ നോട്ടീസില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചെന്നും 2022 ജൂലൈ 9-ന് നടത്തുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെച്ചിട്ടില്ല. ഇത് 2022 മെയ് 21-ന് നടത്തുമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
അയ്യായിരത്തിലധികം ഇന്റേണുകള്‍ പരീക്ഷയ്ക്ക് യോഗ്യരല്ലെന്നും മുന്‍ നീറ്റ് പിജിയുടെ കൗണ്‍സിലിംഗിനും പരീക്ഷകള്‍ക്കും ഇടയില്‍ മതിയായ സമയമില്ലാത്തതിനാല്‍ നീറ്റ് പിജി 2022 മാറ്റിവച്ചെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. മാറ്റിവച്ച പരീക്ഷ ജൂലായ് 9ന് നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഈ പ്രചരിക്കുന്ന കത്ത് വ്യജമാണ്.
എന്‍ ബി ഇ എം എസ് എന്ന പേരില്‍ വ്യാജ നോട്ടീസുകള്‍ ഉപയോഗിച്ച് ചില അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി എന്‍ ബി ഇ എം എസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥിരീകരിക്കാത്ത അറിയിപ്പുകളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും എന്‍ ബി ഇ എം എസുമായി ബന്ധപ്പെട്ട ഏത് വിവരവും അതിന്റെ വെബ്സൈറ്റ് വഴി ക്രോസ് വെരിഫൈ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications