'0.001% അശ്രദ്ധ ഉണ്ടായാല്‍ പോലും അത് തിരുത്തണം'; നീറ്റ് വിവാദത്തില്‍ എന്‍ടിഎയോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മെഡിക്കല്‍ കോളേജ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ആണ് എന്‍ടിഎക്കെതിരെ സുപ്രീം കോടതി രംഗത്തെത്തിയത്. ആരുടെയെങ്കിലും ഭാഗത്ത് 0.001% അശ്രദ്ധ ഉണ്ടായാല്‍ പോലും അത് സമഗ്രമായി കൈകാര്യം ചെയ്യണം എന്ന് സുപ്രീം കോടതി പറഞ്ഞു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. എന്‍ടിഎയില്‍ നിന്ന് യഥാസമയം നടപടി പ്രതീക്ഷിക്കുന്നതായും എല്ലാ ഉദ്യോഗാര്‍ത്ഥികളോടും നീതി പുലര്‍ത്തുന്നുണ്ടെന്ന് ഏജന്‍സി ഉറപ്പാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പരീക്ഷ നടത്തുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ എന്‍ടിഎ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണം എന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, എസ്‌വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ഒരു തെറ്റ് ഉണ്ടെങ്കില്‍ അത് സമ്മതിച്ച് ഇതാണ് ഞങ്ങള്‍ അതിന് പകരം ചെയ്യാന്‍ പോകുന്ന നടപടി എന്ന് പറയുന്നത് കുറഞ്ഞത് നിങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പകരും എന്നും കോടതി വ്യക്തമാക്കി.രാജ്യത്തെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നിന് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശ്രമങ്ങള്‍ ഏജന്‍സി മറക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
'ഈ സംവിധാനത്തെ വഞ്ചിച്ച ഒരാള്‍ ഡോക്ടറാകുന്നത് സങ്കല്‍പ്പിച്ച് നോക്കൂ. അവന്‍ സമൂഹത്തിന് കൂടുതല്‍ ദോഷകരമായിരിക്കും. കുട്ടികള്‍ നീറ്റ് നേടുന്നതിന് കഠിനമായി പഠിക്കുന്നവരാണ്,' കോടതി പറഞ്ഞു. കേസിലെ അടുത്ത വാദം ജൂലൈ എട്ടിന് നടക്കും. എന്‍ടിഎ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
നീറ്റ്-യുജി പരീക്ഷയില്‍ 1563 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കുമെന്നും ജൂണ്‍ 23 ന് വീണ്ടും പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ടെന്നും എന്‍ടിഎ കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ 30 ന് മുമ്പ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും എന്നും എന്‍ടിഎ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇവരില്‍ ആരെങ്കിലും വീണ്ടും പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ അധിക മാര്‍ക്കില്ലാതെ അവരുടെ മുന്‍ സ്‌കോര്‍ പുനഃസ്ഥാപിക്കും.
മെയ് 5 ന് 24 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം ജൂണ്‍ 4 നാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പരീക്ഷ പേപ്പര്‍ ചോര്‍ന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. നീറ്റ് യുജി പരീക്ഷാഫലം പുറത്ത് വന്നതിന് പിന്നാലെ ഗ്രേസ് മാര്‍ക്ക് നല്‍കിയത് സംബന്ധിച്ചും വിവാദം ഉണ്ടായിരുന്നു. നീറ്റ് യുജി പരീക്ഷയിലെ പാളിച്ചയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
67 വിദ്യാര്‍ത്ഥികള്‍ക്ക് 720/720 എന്ന സ്‌കോര്‍ ലഭിച്ചിരുന്നു. ഇത്രയേറെ പേര്‍ ഒന്നാം റാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാനയിലെ ഒരു സെന്ററില്‍ നിന്ന് മാത്രം ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. 2020-ല്‍ രണ്ട് പേര്‍ക്കും 2021-ല്‍ മൂന്ന് പേര്‍ക്കും 2023-ല്‍ രണ്ട് പേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022-ല്‍ നാല് പേര്‍ ഒന്നാം റാങ്ക് നേടിയിരുന്നെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍.
ആരോപണങ്ങള്‍ ശക്തമായതോടെയാണ് 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്ന് എന്‍ടിഎ ചെയര്‍മാന്‍ സുബോദ് കുമാര്‍ സിംഗ് അറിയിച്ചത്. പരീക്ഷ വൈകിയത് മൂലം സമയം തികയാതെ വന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി എന്നും ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാന്‍ കാരണം എന്നുമായിരുന്നു ചെയര്‍മാന്‍ പറഞ്ഞത്.












Click it and Unblock the Notifications