നീറ്റ് യുജി കൗൺസിലിങ് തീയതി പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ ഓഗസ്റ്റ് 14 മുതൽ
ഡൽഹി: നീറ്റ് യുജി കൗൺസിലിങിന് ഓഗസ്റ്റ് 14 മുതൽ തുടക്കമാവും. രജിസ്ട്രേഷൻ ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ എം സി) സെക്രട്ടറി ഡോ. ബി ശ്രീനിവാസ് പറഞ്ഞു. രാജ്യത്തെ 710 മെഡിക്കൽ കോളേജുകളിലായി ഏകദേശം 1.10 ലക്ഷം എം ബി ബി എസ് സീറ്റുകളിലേക്കാണ് കൗൺസലിംഗ് നടക്കുന്നത്. ആയുഷ്, നഴ്‌സിംഗ് സീറ്റുകൾക്ക് പുറമെ 21,000 ബി ഡി എസ് സീറ്റുകളിലേക്കും കൗൺസിലിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കും എല്ലാ എയിംസിലെയും 100 ശതമാനം സീറ്റുകളിലേക്കും ജിപ്മർ പോണ്ടിച്ചേരി, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലേയും സീറ്റുകളിൽ കൗൺസിലിങ് നടത്തും.

പ്രധാന തീയതികൾ അറിയാം
താൽക്കാലിക സീറ്റുകളുടെ പരിശോധന - ഓഗസ്റ്റ് 14 മുതൽ 16 വരെ
രജിസ്ട്രേഷനും പണമടയ്ക്കലും - ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 12 വരെ
ചോയ്സ് ഫില്ലിംഗും ലോക്കിംഗും - ഓഗസ്റ്റ് 21 മുതൽ 22 വരെ
റൗണ്ട് 1 ഫലം, മെറിറ്റ് ലിസ്റ്റ് - ഓഗസ്റ്റ് 23
റിപ്പോർട്ടിംഗും ജോയിനിംഗും - ഓഗസ്റ്റ് 24 മുതൽ 29 വരെ
സ്ഥാപനങ്ങൾ മുഖേന ജോയിൻ ചെയ്ത അപേക്ഷകരുടെ ഡാറ്റ പരിശോധിക്കൽ - ഓഗസ്റ്റ് 30 മുതൽ 31 വരെ.
കഴിഞ്ഞ ദിവസമായിരുന്നു നീറ്റ് യുജി പരീക്ഷകളുടെ പുതുക്കിയ സ്കോർകാർഡും അന്തിമ ഉത്തര സൂചികയും പ്രസിദ്ധീകരിച്ചത്. പട്ടികയിൽ 17 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതിൽ 13 പേർ ആൺകുട്ടികളും 4 പേർ പെൺകുട്ടികളുമാണ്. കണ്ണൂർ സ്വദേശി ശ്രീനാഥ് ശർമ്മിളിനാണ് ഒന്നാം റാങ്ക്.
പുതിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറച്ചതോടെയാണ് ഇത്. നേരത്തേ ഇത് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ചിരുന്നു. ഇത് സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കി. ഇതോടെ നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ മാർക്കിൽ വലിയ മാറ്റമാണ് വന്നത്.












Click it and Unblock the Notifications