ഡല്‍ഹി പോലീസിനെ വട്ടംകറക്കി നേഹ ബോറ; നിരീക്ഷിച്ചത് അപരയെ, കൂട്ടപരിഹാസം, ചിത്രം പുറത്ത്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് ഐസ അധ്യക്ഷ നേഹ ബോറ. പോലീസിനെ കുഴക്കിയ വ്യത്യസ്തമായ സമര രീതികളാണ് ഇവര്‍ പയറ്റുന്നത്. സമരത്തിന്റെ ആദ്യ ദിനം തന്നെ ബാരിക്കേഡിന് മുകളില്‍ കയറി പോലീസിനെ ചോദ്യം ചെയ്ത നേഹയെ അവര്‍ നോട്ടമിട്ടിരുന്നു.
പോലീസ് ബലമായി ബസിലേക്ക് കയറ്റുന്ന വേളയില്‍ നേഹ ബോറ തിരിഞ്ഞു നോക്കുന്നതാണ് രംഗമാണ് പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞ ചിത്രം. ഇടവേളയില്ലാതെയാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. ഇവരെ തടയാന്‍ 30000ത്തില്‍ അധികം പോലീസിനെയും സൈനികരെയും വിന്യസിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഞായറാഴ്ച വളരെ രസകരമായ ചില സംഭവങ്ങള്‍ ഡല്‍ഹിയില്‍ നടന്നു...

എല്ലാവരും തയ്യാറായിക്കോളൂ, സമയവും സ്ഥലവും വരുന്നു എന്ന നേഹബോറയുടെ ട്വീറ്റ് കണ്ട പോലീസ് ഐസയുടെ ഭാഗത്ത് നിന്ന് ശക്തമായ നീക്കത്തിന് സാധ്യതയുണ്ടെന്ന് മനസിലാക്കി. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആര്‍കെ ആശ്രമത്തില്‍ 2.30ന് എന്ന മറ്റൊരു ട്വീറ്റ് നേഹ പങ്കുവെച്ചു. അവിടെ കാണാമെന്നും വൈകരുതെന്നും അതിനൊപ്പമുള്ള വീഡിയോയില്‍ നേഹ പറയുകയും ചെയ്തു.
ഇതോടെ പോലീസ് ആര്‍കെ ആശ്രമ ഭാഗത്ത് സുരക്ഷ ശക്തമാക്കി. രൂപ സാദൃശ്യമുള്ള മറ്റൊരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. കണ്ണടയും വസ്ത്രവും സാദൃശ്യമായി തോന്നിയതോടെയാണ് പോലീസ് നടപടിയെടുത്തത്. ഈ വേളയില്‍ യഥാര്‍ഥ നേഹ ബോറ കൊണാട്ട് പ്ലേസില്‍ എത്തിയെന്ന് ട്വീറ്റ് ചെയ്തു. ബാരിക്കേഡുകള്‍ മറികടന്ന് കൊണാട്ട്‌പ്ലേസില്‍ എത്തിയെന്നായിരുന്നു വീഡിയോ പങ്കുവെച്ചുള്ള ട്വീറ്റ്. ഇതോടെയാണ് ആര്‍കെ ആശ്രമത്തില്‍ കസ്റ്റഡിയിലെടുത്തത് മറ്റൊരാളെയാണ് എന്ന് പോലീസിന് മനസിലായത്.
ഐസ പ്രസിഡന്റായ നേഹ ബോറയെ പിന്നീട് വിജയ് ചൗക്കില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിനിക്കൊപ്പമുള്ള ചിത്രം നേഹ പിന്നീട് ട്വീറ്റ് ചെയ്തു. രണ്ടു നേഹകളുടെ കഥ എന്ന് സൂചിപ്പിച്ചാണ് അവര്‍ ചിത്രം ട്വീറ്റ് ചെയ്തത്. തന്ത്രമല്ല, നിമിത്തം മാത്രം എന്നും അവര്‍ കുറിച്ചു. ഈ സംഭവം പോലീസിനെതിരായ പരിഹാസത്തിന് കാരണമായി.
ഇത്രയും സുരക്ഷ ഒരുക്കിയിട്ടും ഒരു വ്യക്തിയെ നിരീക്ഷിക്കാന്‍ പോലും ഡല്‍ഹി പോലീസിന് സാധിക്കുന്നില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. ആയിരക്കണക്കിന് പോലീസുകാര്‍, നൂറിലധികം നിരീക്ഷണ ക്യാമറകള്‍, ലക്ഷക്കണക്കിന് വിഭവങ്ങള്‍, എന്നിട്ടും ഡല്‍ഹി പോലീസിനെ നേഹയുടെ അപരന്‍ പറ്റിച്ചു എന്ന വിമര്‍ശനവും ഉയര്‍ന്നു.


Click it and Unblock the Notifications
