'തളർന്നിട്ടുമില്ല, വിരമിക്കാനുമില്ല'; വാജ്പേയുടെ വാക്കുകളുമായി അജിത് പവാറിന് ശരദ് പവാറിന്റെ മറുപടി
മുംബൈ: 82കാരനായ ശരദ് പവാറിന് വിരമിക്കാന്‍ സമയമായെന്നും പാർട്ടി ഭരണം തനിക്ക് കൈമാറണമെന്നുമുള്ള അജിത് പവാറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ശരദ് പവാർ. താൻ ക്ഷീണിച്ചിട്ടില്ലെന്നും വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു.
'ഞാൻ ക്ഷീണിതനല്ല, വിരമിച്ചിട്ടുമില്ല', മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ശരദ് പവാർ പറഞ്ഞു. 'ഞാൻ വിരമിക്കണമെന്ന് പറയാൻ അവർ ആരാണ്. എനിക്ക് ഇപ്പോഴും പ്രവർത്തിക്കാനാകും. മൊറാർജി ദേശായി ഏത് പ്രായത്തിലാണ് പ്രധാനമന്ത്രി ആയതെന്ന് അറിയുമോ? എനിക്ക് പ്രധാനമന്ത്രിയോ എന്തിന് മന്ത്രി പോലും ആകണമെന്നില്ല. പക്ഷേ എനിക്ക് ജനങ്ങളെ സേവിക്കണം', ശരദ് പവാർ പറഞ്ഞു.

മകനല്ലാത്തതിനാൽ താൻ ഒതുക്കപ്പെട്ടുവെന്ന അജിത് പവാറിന്റെ പരാമർശത്തോടും ശരദ് പവാർ പ്രതികരിച്ചു. 'ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. കുടുംബ വിഷയം ഞാൻ കുടുംബത്തിന് പുറത്ത് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അജിത് പവാർ മന്ത്രിയായി, ഉപമുഖ്യമന്ത്രിയായി. എന്നാൽ എന്നാൽ തന്റെ മകളായ സുപ്രിയ സുലെയ്ക്ക് ഒരു മന്ത്രി പദം പോലും നൽകിയിട്ടില്ല. കേന്ദ്രത്തിൽ മന്ത്രി പദത്തിന് എൻ സി പിക്ക് അവസരം ലഭിച്ചപ്പോൾ എംപിയായിരുന്ന സുപ്രിയയ്ക്ക് അവസരം കൊടുത്തിട്ടില്ല, മറ്റൊരാൾക്കാണ് അവസരം നൽകിയത്', പവാർ പറഞ്ഞു. 'ചിലർ വിശ്വസിക്കുന്ന കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിപ്പോയി. ഇനിയും ഞാൻ തെറ്റ് ആവർത്തിക്കില്ല', പവാർ പറഞ്ഞു.
ശരദ് പവാറിന് വിരമിക്കാനുള്ള പ്രായം അതിക്രമിച്ചെന്നും ഇനിയെങ്കിലും പാർട്ടി ഭരണം കൈമാറാൻ അദ്ദേഹം തയ്യാറാകണമെന്നുമായിരുന്നു അജിത് പവാർ പറഞ്ഞത്. ' ഏത് ജോലിക്കും പ്രായ പരിധിയുണ്ട്. ഐ എ എസ്. ഉദ്യോഗസ്ഥര്‍ 60-ാം വയസ്സില്‍ വിരമിക്കും, ബി ജെ പി നേതാക്കള്‍ 75-ലും എല്‍ കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും നോക്കൂ. 83 വയസായില്ലേ, എന്നിട്ടും മാറി നിൽക്കാൻ ഉദ്ദേശമില്ല, ഭരണം എനിക്ക് കൈമാറണം', എന്നായിരുന്നു അജിത് പവാറിന്റെ വിമർശനം.
അജിത് പവാറിന്റെ നേതൃത്വത്തിൽ 29 എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് മറുകണ്ടം ചാടിയതോടെയാണ് എൻസിപിയിൽ പ്രതിസന്ധി ഉടലെടുത്തത്. തങ്ങളാണ് യഥാർത്ഥ എൻസിപി എന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്. പാർട്ടിയുടെ 53 എംഎൽഎമാരിൽ 41 പേരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നും അജിത് പവാർ പക്ഷം അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications