ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍; കേരളത്തില്‍ 430 ആക്ടീവ് കേസുകള്‍; ജാഗ്രത മാത്രം മതിയോ?
ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 430 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. മെയില്‍ രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ജാഗ്രത പാലിക്കണമെന്നും പ്രതിരോധ ശേഷി കുറഞ്ഞവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്.
മെയ് 19 ന് ശേഷം രാജ്യത്ത് ആകെ കൂടിയത് 752 കേസുകളാണ്. 305 പേര്‍ രോഗവിമുക്തരായി. കേരളത്തില്‍ കോവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ടാണ് കേസുകള്‍ ഉയരുന്നു നില്‍ക്കുന്നത്. മറ്റു നിരവധി സംസ്ഥാനങ്ങള്‍ ഇപ്പോഴും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടില്ല.

ജെ.എന്‍ 1 വേരിയന്റ്
ഒമിക്രോണിന്റെ ഉപ വകഭേദമായ ജെ.എന്‍ 1 വേരിയന്റാണ് ഇപ്പോഴുള്ള കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണം. ജെ.എന്‍ 1 വേരിയന്റിനെ ആരോഗ്യ സംഘടന ഇതുവരെ ആശങ്കാജനകമായ വകഭേദമായി തരംതിരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ നേരിയതും വേഗം സുഖം പ്രാപിക്കുന്നതുമാണ്. ശരീര താപനിലയില്‍ നേരിയ വര്‍ധന, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. അതേസമയം പ്രായമായവരും കുഞ്ഞുങ്ങളും രോഗ പ്രതിരോധശേഷി കുറഞ്ഞവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു ഇടങ്ങളില്‍ പോകുമ്പോള്‍ എന്‍95 മാസ്‌കുകള്‍ ധരിക്കുകയും വേണം.
എന്‍ബി.1.8.1., എല്‍എഫ്.7 വേരിയന്റുകള്‍
ഇന്ത്യയില്‍ ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ എന്‍ബി.1.8.1., എല്‍എഫ്.7 എന്നിവ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയിലും സിംഗപ്പൂര്‍ ഹോങ്കോങ് എന്നിവിടങ്ങളിലും കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമായ വേരിയന്റുകളാണ് എന്‍ബി.1.8.1., എല്‍എഫ്.7 എന്നിവ. തമിഴ്‌നാട്ടിലാണ് എന്‍ബി.1.8.1. വേരിയന്റിന്റെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ എല്‍എഫ്.7 വേരിയന്റിന്റെ നാലു കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
എങ്കിലും കൂടുതല്‍ പേരെയും ബാധിച്ചിരിക്കുന്നത് ജെ.എന്‍1 വേരിയന്റാണ്. ഇവയൊന്നും അപകടകരമായ വകഭേദങ്ങളായി ലോകാരോഗ്യ സംഘടന തരംതിരിച്ചിട്ടില്ല. സാഹചര്യങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. പുതിയ ഉപവകഭേദങ്ങള്‍ ഇതുവരെ ആശങ്ക സൃഷ്ടിച്ചിട്ടില്ലെങ്കിലും തുടര്‍ച്ചയായ ജാഗ്രത വേണമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ നിര്‍ദേശം.
ആശങ്കപ്പെടേണ്ടതില്ല
ശരീര താപനിലയില്‍ നേരിയ വര്‍ധന, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ദഹനപ്രശ്‌നങ്ങള്‍, ഓക്കാനം, വിശപ്പില്ലായ്മ, തലവേദന, തലകറക്കം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, പേശിവേദന എന്നിവയൊക്കെയാണ് ഈ എന്‍ബി.1.8.1. ഉപവകഭേദത്തിന്റെ ലക്ഷണങ്ങള്‍. എങ്കിലും ഗുരുതരമായ രോഗമോ മരണമോ ഇതുമൂലം ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മിക്ക കേസുകളും വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാവുന്നതുമാണ്.
വാക്‌സിനുകള്‍ ഫലപ്രദമോ?
പുതിയ എന്‍ബി.1.8.1. വകഭേദത്തിനെതിരെയുള്ള കോവിഡ് വാക്‌സിനുകള്‍ നിലവില്‍ ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ തുടങ്ങി ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍ കോവിഡ് 19 വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസുകളും നിര്‍ബന്ധമായി എടുക്കണം. ഇതുകൂടാതെ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ എന്‍95 മാസ്‌ക് ധരിക്കണം. പൊതുഗതാഗതം, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കുകയോ എന്‍ മാസ്‌ക് ധരിച്ച് പോവുകയോ ചെയ്യുക.
സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകുക. ഹാന്‍ഡ് സാനിറ്റൈസറുകള്‍ ശീലമാക്കുക. തൊണ്ടവേദന, ക്ഷീണം, ഓക്കാനം എന്നിവയൊക്കെ തോന്നിയാല്‍ പരിശോധന നടത്തുകയും വേണമെങ്കില്‍ വൈദ്യസഹായം തേടുകയും ചെയ്യുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ഐസൊലേഷനില്‍ പോകാനും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications