പഞ്ചാബിൽ പുതിയ ഫോർമുല? സിദ്ദുവും ചന്നിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടും? മറുപടി
ചണ്ഡീഗഡ്; പഞ്ചാബിൽ കോൺഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായി പാർട്ടി നടത്തിയ അഭിപ്രായ വോട്ടടെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി കൂടിയായ ചരൺ ജിത്ത് സിംഗ് ചന്നിക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. അതേസമയം ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദു ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. ചന്നിക്ക് മുൻതൂക്കമുണ്ടെന്ന് സൂചന ലഭിച്ചത് മുതൽ ഹൈക്കമാന്‌റ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി സിദ്ദു രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തർക്ക പരിഹാരമെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിർദ്ദേശം ഹൈക്കമാന്റ് മുന്നോട്ട് വെയ്ക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.ഇപ്പോഴിതാ അക്കാര്യത്തിൽ ചന്നി തന്നെ പ്രതികരിച്ച് രംഗത്തെത്തി.

നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കോൺഗ്രസിന് സംസ്ഥാന ഭരണം പോലും നഷ്ടമായിരുന്നു, മധ്യപ്രദേശ് ഭരണത്തിൽ നിന്നായിരുന്നു കോൺഗ്രസ് താഴെ വീണത്. ജ്യോതിരാദിത്യ സിന്ധ്യയും കമൽനാഥും തമ്മിലുള്ള അധികാര വടംവലിയായിരുന്നു ഭരണ നഷ്ടത്തിന് കാരണമായത്. ഇരുവരും തമ്മിലുള്ള തർക്കം മുതലെടുത്ത് ബി ജെ പി സിന്ധ്യയേയും 26 ഓളം എം എൽ എമാരേയും മറുകണ്ടം ചാടിച്ച് ഭരണം പിടിക്കുകയായിരുന്നു.

കോൺഗ്രസിന് ഭരണമുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലാണ് തർക്കമെങ്കിൽ ഛത്തീസ്ഗഡിൽ ടി എസ് സിംഗ് ഡിയോയും മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും തമ്മിലാണ് തർക്കം.

പഞ്ചാബിലും സമാനമാണ് സാഹചര്യം. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പടിയിറക്കത്തോടെ പഞ്ചാബ് ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസ് ദളിത് നേതാവ് കൂടിയായ ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. അതേസമയം ഈ നിയമസഭ തിരഞ്ഞെടുപ്പിൽ പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിദ്ദുവിനെ മുൻനിർത്തിയാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നായിരുന്നു സിദ്ദു ക്യാമ്പിന്റെ കണക്ക് കൂട്ടൽ.

എന്നാൽ ചന്നിയെ തന്നെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് എന്നാണ് റിപ്പോർട്ട്. തർക്കം രൂക്ഷമായതോടെ ജനങ്ങളിൽ നിന്ന് അഭിപ്രായ സർവ്വേയിലൂടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കം പാർട്ടി നടത്തി. ചന്നിയുടേയും സിദ്ദുവിന്റേയും പേരുകൾ ഉൾപ്പെടുത്തിയായിരുന്നു സർവ്വേ. ഈ സർവ്വേയിൽ ചന്നിക്കാണ് മുൻതൂക്കമെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പങ്കിടണമെന്ന ഫോർമുല കോൺഗ്രസ് അവതരിപ്പിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ കസേര പങ്കിടാൻ ഇത് കടയല്ലെന്നായിരുന്നു ചന്നിയുടെ പ്രതികരണം. പഞ്ചാബിന് കരുത്തുറ്റ മുഖ്യമന്ത്രി മുഖമാണ് ആവശ്യമെന്ന് സിദ്ധു പറഞ്ഞത് തികച്ചും ശരിയാണ്. ഹൈക്കമാന്റ് എന്ത് തീരുമാനമെടുത്താലും ഞങ്ങൾ പാർട്ടിയെ പിന്തുണയ്ക്കും, ചന്നി പറഞ്ഞു.

മുഖ്യമന്ത്രി കസേര പങ്കിടണമെന്ന തിരുമാനം കൂടുതൽ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്ന് പാർട്ടി വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. തർക്കം നിലനിൽക്കുന്ന ഛത്തീസ്ഗഡിൽ പാർട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം രഹസ്യമായി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന. എന്നിരുന്നാലും എപ്പോഴൊക്കെ ഇത്തരത്തിൽ പങ്കിടൽ ഫോർമുല നിർദ്ദേശിച്ചിട്ടുണ്ടോ അപ്പോഴൊന്നും ഗാന്ധി കുടുംബത്തിന് തങ്ങളുടെ വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്തായാലും പഞ്ചാബിലെ തീരുമാനവും ഹൈക്കമാൻറ് ഉടനെ തന്നെ വ്യക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications